മഞ്ചേരി: പയ്യനാട് ആർ.എസ്.എസ് പ്രവർത്തകൻ അർജ്ജുനെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ മുഖ്യ സൂത്രധാരൻ അറസ്റ്റിൽ. പയ്യനാട് സ്വദേശി വെള്ളാരത്തൊടി അബ്ദുൾ മുനീറിനെയാണ് (39) രാമനാട്ടുകരയിൽ നിന്ന് മലപ്പുറം ഡിവൈ.എസ്.പി. ജലീൽ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലെ രഹസ്യകേന്ദ്രത്തിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി നാട്ടിലേക്കു വരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ നീക്കത്തിനൊടുവിലായിരുന്നു അറസ്റ്റ്.
ജനുവരി അഞ്ചിന് എസ്.ഡി.പി.ഐ പ്രവർത്തകനെ മഞ്ചേരി ചെങ്ങണയിൽ വച്ച് ഒരു സംഘം വെട്ടിക്കൊല്ലാൻ ശ്രമിച്ചിരുന്നു. ഈ സംഘത്തിൽ അർജ്ജുൻ ഉണ്ടായിരുന്നെന്നും ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് കാരണമെന്നുമാണ് പ്രതികളുടെ മൊഴി. ജനുവരി എട്ടിന് വീടിനടുത്തുവച്ചാണ് അർജ്ജുന് വെട്ടേറ്റത്.
ഗുരുതരമായി പരിക്കേറ്റ അർജ്ജുൻ ചികിത്സയിലാണ്. സംഭവത്തിൽ നേരിട്ടു പങ്കുള്ളവരും ഗൂഢാലോചനയിൽ ഉൾപ്പെട്ടവരും നിരീക്ഷണത്തിലാണെന്ന് പൊലീസ് പറഞ്ഞു. ഈ കേസിൽ നേരത്തെ അറസ്റ്റിലായ അഞ്ചുപേർ റിമാൻഡിലാണ്.
മഞ്ചേരി സി.ഐ. എൻ.ബി. ഷൈജു, എസ്.ഐ ബൈജു, എ.എസ്.ഐമാരായ ശ്രീരാമൻ, സുരേഷ്കുമാർ, പൊലീസുകാരായ ഉണ്ണികൃഷ്ണൻ മാരാത്ത്, രാജേഷ്, പി. സഞ്ജീവ്, ദിനേഷ് ഇരുപ്പകണ്ടൻ, മുഹമ്മദ് സലീം പൂവ്വത്തി എന്നിവരാണ് പ്രതിയെ പിടികൂടിയത്.