മഞ്ചേരി: രാജ്യദ്രോഹക്കുറ്റത്തിനു അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ മലപ്പുറം ഗവ. കോളേജിലെ വിദ്യാർത്ഥികളോട് നേരിട്ടു ഹാജരാവാൻ മഞ്ചേരി ജില്ലാ സെഷൻസ് കോടതി ഉത്തരവ്. വിദ്യാർത്ഥികൾക്ക് ജാമ്യം നൽകിയ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടിക്കെതിരെ കോടതി സ്വമേധയ രജിസ്റ്റർ ചെയ്ത റിവിഷൻ കേസ് പരിഗണിച്ചാണ് ജഡ്ജി സുരേഷ് കുമാർ പോൾ നോട്ടീസയക്കാൻ ഉത്തരവിട്ടത്. കാശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഗവൺമെന്റ് കോളേജ് കാമ്പസിൽ പോസ്റ്റർ പതിച്ച സംഭവത്തിൽ പ്രതികളായ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥി മേലാറ്റൂർ എടയാറ്റൂർ പാലത്തിങ്ങൽ മുഹമ്മദ് റിൻഷാദ് (20), ഒന്നാം വർഷ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥി പാണക്കാട് പട്ടർക്കടവ് ആറുകാട്ടിൽ മുഹമ്മദ് ഫാരിസ് (18) എന്നിവരോടാണ് ഈ മാസം എട്ടിനു കോടതിയിൽ നേരിട്ടു ഹാജരാവാൻ നിർദ്ദേശിച്ചത്.
രാജ്യദ്രോഹക്കുറ്റം ചുമത്തിയ കേസിൽ പ്രതികൾക്കു ജാമ്യം നൽകാൻ കീഴ്ക്കോടതികൾക്ക് അധികാരമില്ലെന്ന് കാണിച്ച് ജില്ലാ സെഷൻസ് ജഡ്ജി സ്വമേധയാ റിവിഷൻ കേസെടുക്കുകയായിരുന്നു. ജാമ്യം നൽകിയ മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നടപടിയെ ജഡ്ജി സുരേഷ് കുമാർ പോൾ വിമർശിച്ചു. പ്രതികൾക്ക് മാവോയിസ്റ്റ് , തീവ്ര ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഫിലിപ്പൈൻസിലെ തീവ്ര ഇടതുപക്ഷ സംഘടനയിലെ നേതാക്കളുമായി റിൻഷാദ് ഫെയ്സ്ബുക്കിലൂടെ ബന്ധപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികൾക്ക് മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് വരുൺ ജാമ്യം നൽകിയത്.