പരപ്പനങ്ങാടി: ചിറമംഗലം റെയിൽവേ ഗേറ്റിന് സമീപം പ്രവർത്തിക്കുന്ന കൃഷിഭവനിൽ മോഷണശ്രമം. ഇന്നലെ രാവിലെ ഓഫീസ് തുറക്കാനെത്തിയ കൃഷിഭവൻ ജീവനക്കാരാണ് മുൻവശത്തെ വാതിലിന്റെ പൂട്ട് അടർത്തിയതായി കണ്ടത്. പരപ്പനങ്ങാടി പൊലീസെത്തി ഓഫീസ് പരിശോധിച്ചപ്പോൾ ഫയലുകളും മറ്റും സൂക്ഷിക്കുന്ന സേഫ് തകർത്തതായി കണ്ടു. ഓഫീസ് മേശവലിപ്പ് തകർത്ത് സാധനങ്ങൾ വലിച്ചു വാരിയിട്ട നിലയിലായിരുന്നു. പണം ഓഫീസിൽ സൂക്ഷിക്കാതിരുന്നതിനാൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കൃഷിഭവൻ അധികൃതർ പറഞ്ഞു.രണ്ടു ദിവസം ഓഫീസ് അവധി ആയതിനാൽ ഇന്നലെയാണ് ഓഫീസ് തുറന്നത് . സംഭവത്തിൽ പരപ്പനങ്ങാടി പൊലീസ് കേസെടുത്ത് അന്വേഷിച്ചുവരുന്നു.