എടക്കര: ഊദ് മരം ഇനി വാളംതോട്ടിലെ കൃഷിയിടത്തിലും സുഗന്ധം പരത്തും. ലോകത്തിലെ ഏറ്റവും വില കൂടിയ ഊദ് മരം തന്റെ കൃഷിയിടത്തിൽ നട്ടുവളർത്താൻ നഴ്സറിയൊരുക്കി കാത്തിരിക്കുകയാണ് ചാലിയാർ പഞ്ചായത്തിലെ ഒന്നാം വാർഡായ വാളംതോട്ടിലെ ഉള്ളാട്ടിൽ ജോസ് എന്ന കർഷകൻ. പഴവർഗ്ഗങ്ങൾ, തെങ്ങ്, ജാതി, കവുങ്ങ്, കുരുമുളക് തുടങ്ങി വിപുലമായ കൃഷികൾക്കൊപ്പം 43-ാ മത്തെ ഇനമായി ഇനി ഊദ് മരങ്ങളും ഉണ്ടാവും.എട്ടടി വ്യത്യാസത്തിൽ 100 മരങ്ങളാണ് ജോസ് നടുക. ഊദ് മരങ്ങൾ വ്യാപകമായുള്ള നാഗാലാന്റ്, ആസാം എന്നിവിടങ്ങളിൽ ഇതിന് കാതൽ ഉണ്ട്. കേരളത്തിൽ ഇതിന് കാതൽ കൃത്രിമമായി ഉണ്ടാക്കണം. 10 വർഷമായ ഒരു മരത്തിന് ഇന്നത്തെ വില പ്രകാരം അഞ്ചു ലക്ഷം രൂപ വരെ ലഭിക്കും, ആസാമിന് പുറമെ ഗുജറാത്ത്, കർണ്ണാടക, കേരള സംസ്ഥാനങ്ങളിലും ഊദ് കൃഷി ചെയ്തു വരുന്നു, നല്ല സൂര്യപ്രകാശവും വളവും ലഭിച്ചാൽ തേക്കുമരം പോലെ നീളത്തിൽ ചെറിയ ശാഖകളായി വളരുന്ന മരമാണിത്. മരത്തിന്റെ ഉള്ളിലുള്ള കാതലായ കറുത്ത എണ്ണമയമുള്ള കട്ടിയുള്ള സുഗന്ധ തടി വാറ്റിയാണ് അത്തർ ഉണ്ടാക്കുന്നത്. ഒരു കിലോ കാതൽതടിക്ക് 20,000 ഡോളറാണ് നിലവിൽ അന്താരാഷ്ട്ര മാർക്കറ്റിലെ വില. ധാരാളമായി ഊതുമരങ്ങളുള്ള ആസാമിൽ ഒരിനം വണ്ട് മരത്തിൽ തുളച്ച് കയറി പൂപ്പൽ ബാധ ഉണ്ടാക്കുമ്പോഴാണ് പ്രകൃതിദത്തമായ കാതൽ ഉണ്ടാകുന്നത്. എന്നാൽ കേരളത്തിൽ ഈ ഇനം വണ്ടുകളെ കാണുന്നില്ല. അതിനാൽ കൃത്രിമമായാണ് ഇവിടെ കാതൽ ഉണ്ടാക്കുന്നത്.ഊത് മരങ്ങൾ തന്റെ കൃഷിയിടത്തിൽ ഏറെ പ്രതീക്ഷയോടെയാണ് കൃഷി ചെയുന്നതെന്നും ജോസ് പറഞ്ഞു.