നിലമ്പൂർ: എ.ടി.എം തട്ടിപ്പിലൂടെ അദ്ധ്യാപികയുടെ പണം നഷ്ടമായി. നഗരത്തിലെ എസ്.ബി.ഐ ടൗൺബ്രാഞ്ചിലെ ഉപഭോക്താവായ എരുമമുണ്ട നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപിക ഷിജിയുടെ അക്കൗണ്ടിലെ 18500 രൂപയാണ് കവർച്ച ചെയ്യപ്പെട്ടത്. തുക പിൻവലിച്ചതായി ഫോണിലേക്ക് സന്ദേശം വന്നതോടെയാണ് തട്ടിപ്പ് മനസിലായത്.. 25ന് രാത്രിയാണ് സംഭവം. പണം പിൻവലിക്കും മുമ്പ് ഒ.ടി.പിയോ മൊബൈൽ സന്ദേശമോ ലഭിച്ചില്ല. പണംപോയ ശേഷമാണ് രാത്രി ഒമ്പതരയോടെ പണം എടുത്തതായി മൊബൈലിലേക്ക് സന്ദേശം ലഭിച്ചത്. തുടർന്ന് ബാങ്കിൽ പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ജാർഖണ്ഡിലെ എ.ടി.എമ്മിൽ നിന്നുമാണ് പണം പിൻവലിച്ചതെന്ന് കണ്ടെത്തി. പണം സ്വീകരിച്ച വ്യക്തിയെപ്പറ്റി ബാങ്കിന് അറിവില്ല. ബാങ്കുമായി ബന്ധപ്പെട്ടപ്പോൾ സ്വന്തം നിലയിൽ പൊലിസിൽ പരാതി നൽകാൻ നിർദ്ദേശിച്ചു. തുടർന്ന് നിലമ്പൂർ പൊലീസിൽ പരാതി നൽകി.