പൊന്നാനി: പ്രളയത്തിൽ പൂർണ്ണമായി തകർന്ന പൊന്നാനി നിയോജക മണ്ഡലത്തിലെ വീടുകൾക്ക് പകരം സ്നേഹ ബൊമ്മാടങ്ങൾ ഒരുങ്ങുന്നു. സ്വന്തമായി ഭൂമിയുള്ളവർക്കാണ് സ്നേഹ ബൊമ്മാടങ്ങളെന്ന പേരിൽ അഞ്ച് ലക്ഷം രൂപ ചെലവിൽ 600 സ്ക്വയർ ഫീറ്റിലായി വീട് നിർമ്മിക്കുന്നത്. സർക്കാർ ധനസഹായമില്ലാതെ സ്വകാര്യ വ്യക്തികളിൽ നിന്നും വിദേശത്തെ മലയാളി സംഘടനകളിൽ നിന്നുമാണ് പണം കണ്ടെത്തിയത്. സ്പീക്കർ പി. ശ്രീരാമകൃഷ്ണനാണ് പദ്ധതിക്ക് മുൻകൈയെടുത്തത്.
പെരുമ്പടപ്പ് കുണ്ടുച്ചിറ പാലത്തിനടിയിൽ താമസിക്കുന്ന 25 കുടുംബങ്ങൾക്കാണ് തുടക്കത്തിൽ വീടുകൾ നിർമ്മിക്കുക. നിർമ്മാണോദ്ഘാടനം 10ന് അയിരൂരിൽ സ്പീക്കർ നിർവഹിക്കും. പുറമ്പോക്കിലെ താമസക്കാർക്ക് വീട് നിർമ്മിക്കാൻ പ്രത്യേക സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
പ്രളയാനന്തരം ഡ്രോൺ കാമറ ഉപയോഗിച്ച് നടത്തിയ റിയൽ ടൈം സർവേ പ്രകാരം കണ്ടെത്തിയ വീടുകളാണ് പുനർനിർമ്മിച്ചു നൽകുക. ആദ്യഘട്ടത്തിൽ 50 വീടുകൾ നിർമ്മിക്കും. ഇവയ്ക്ക് സ്പോൺസർമാരെ കണ്ടെത്തി. പൊന്നാനി നഗരസഭയിലെ 17 വീടുകൾ കോട്ടത്തറിയിലെ ലക്ഷം വീട് കോളനിയിലാണ് നിർമ്മിക്കുക. അമേരിക്കയിലെ മലയാളി സംഘടനയുടെ സഹായത്തോടെയാണ് ഇവിടത്തെ വീട് നിർമ്മാണം. മാറഞ്ചേരി പഞ്ചായത്തിലെ കുണ്ടുകടവ് പാലത്തിന് സമീപം റോഡ് പുറമ്പോക്കിൽ താമസിക്കുന്ന 13 കുടുംബങ്ങളെയും പുനരധിവസിപ്പിക്കും. മാറഞ്ചേരിയിലെ ഡോ.മുഹമ്മദ് ബിൻ അഹമ്മദ് നൽകുന്ന 30 സെന്റ് സ്ഥലത്തായിരിക്കും ഇവർക്ക് വീടൊരുക്കുക.
വിവിധ സംഘടനകളിൽ നിന്നും കൂടുതൽ സ്നേഹ ബൊമ്മാടങ്ങൾക്ക് ഫണ്ട് വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ലഭിക്കുന്ന മുറയ്ക്ക് ഇവയുടെ നിർമ്മാണം നടക്കും.