നിലമ്പൂർ: മമ്പാട് പഞ്ചായത്തിലെ പള്ളിക്കുന്നിൽ നാലേക്കറോളം ഭാഗത്തെ അടിക്കാടുകൾ പൂർണ്ണമായും കത്തിനശിച്ചു. ഷിജി ചിത്രം പള്ളിൽ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥലം.. തീപിടിത്തമുണ്ടായ സ്ഥലത്തിനോട് ചേർന്ന് നിരവധി വീടുകളും കൃഷിസ്ഥലങ്ങളും റബർ തോട്ടങ്ങളുമുണ്ടായിരുന്നു. നിലമ്പൂരിൽ നിന്ന് അഗ്നിശമന സേനയുടെ രണ്ട് യൂണിറ്റ് വാഹനങ്ങളും കമ്മ്യൂണിറ്റി റസ്ക്യു വാളന്റിയേർസും സ്ഥലത്തെത്തി സമയത്ത് തീയണച്ചതിനാൽ വൻ ദുരന്തം ഒഴിവായി. സ്റ്റേഷൻ ഓഫീസർ അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർമാരായ അശോകൻ, ബാബുരാജ്, ലീഡിംഗ് ഫയർമാൻ യൂസഫലി, വി. അബ്ദുൾ മുനീർ, ഫയർമാൻമാരായ എ. പ്രദീപ്, എം വി അജിത്ത്, കെ. മനേഷ്, കെ. സനന്ത്, വി യു. രുമേഷ്, ടി കെ. നിഷാന്ത്, ഹോം ഗാർഡുമാരായ എൻ. രവീന്ദ്രൻ, ടി. അലവിക്കുട്ടി എന്നിവരും വാളന്റിയർമാരായ എം.കെ മജീദ്, ബിബിൻ പോൾ, ഷഹബാൻ മമ്പാട് എന്നിവരും അടങ്ങിയ സംഘമാണ് തീയണച്ചത്.