മഞ്ചേരി: കത്തുന്ന വേനലിൽ പൊതുകുളം നികത്തുന്നതിനെതിരെ മഞ്ചേരിയിൽ ജനകീയ പ്രതിഷേധം. കോവിലകംകുണ്ടിലെ ചക്കുംകുളം നികത്താനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. പ്രദേശത്തെ പുരാതന ജലസ്രോതസാണിത്. എതിർപ്പിനെ തുടർന്ന് വില്ലേജ് അധികൃതർ സ്ഥലത്തെത്തി പ്രവൃത്തി നിറുത്തിവയ്പ്പിച്ചു. മഞ്ചേരി കോവിലകത്തിന്റെ ഉടമസ്ഥതയിലുള്ള പുരാതന കുളമാണ് കോവിലകംകുണ്ടിലെ മെഡിക്കൽ കോളേജ് റോഡരികിലുള്ള ചക്കുംകുളം. മെഡിക്കൽ കോളേജിന് പുതുതായി ഏറ്റെടുത്ത സ്ഥലത്തേക്കു വഴി നിർമ്മിക്കുന്നതിന്റെ മറവിൽ കുളം നികത്താൻ നീക്കം നടന്നെന്ന് നാട്ടുകാർ പറയുന്നു. ലോറിയിൽ മണ്ണെത്തിച്ചെങ്കിലും എതിർപ്പിനെ തുടർന്ന് നികത്തൽ നടന്നില്ല. കോടതിവിധിയുണ്ടെന്നു പറഞ്ഞ് നടപടി ക്രമങ്ങൾ പാലിക്കാതെയാണ് ജലസ്രോതസ് നികത്താൻ ഭൂമാഫിയ ശ്രമിച്ചതെന്ന് വാർഡ് കൗൺസിലർ കൃഷ്ണദാസ് രാജ പറഞ്ഞു. നാശത്തിന്റെ വക്കിലെത്തിയ കുളം സംരക്ഷിക്കാൻ നാട്ടുകാരുടേയും യുവജന സംഘടനകളുടേയും നേതൃത്വത്തിൽ കഴിഞ്ഞ വർഷം ശ്രമം നടന്നിരുന്നു. കുളം സംരക്ഷിച്ചു നിറുത്താനാണ് യുവജന കൂട്ടായ്മകളുടെ തീരുമാനം.