മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പിൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ കോൺഗ്രസുമായി ചർച്ച തുടരാൻ മുസ്‌ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനം. സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി ഒമ്പതിന് കോഴിക്കോട്ട് സംസ്ഥാന പ്രവർത്തക സമിതി യോഗം ചേരും മുമ്പ് ഉഭയകക്ഷി ചർച്ച നടത്തും. എറണാകുളത്ത് നിശ്ചയിച്ച ചർച്ചയുടെ ദിവസം തീരുമാനിച്ചിട്ടില്ല. ആവശ്യമെങ്കിൽ വീണ്ടും ലീഗ് ഉന്നതാധികാര സമിതി ചേരും. കോൺഗ്രസുമായുള്ള ചർച്ചയിലെ തീരുമാനങ്ങൾ പ്രവർത്തക സമിതിയിൽ അവതരിപ്പിക്കും. അന്തിമ തീരുമാനത്തിന് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തും.
മൂന്നാം സീറ്റിൽ കോൺഗ്രസുമായി അസ്വാരസ്യം ആഗ്രഹിക്കാത്ത ലീഗ് നേതൃത്വം ആവശ്യം പരമാവധി നീട്ടിക്കൊണ്ടുപോവും. സീറ്റാവശ്യത്തിൽ നിന്ന് പൊടുന്നനെ പിൻവലിഞ്ഞാൽ പ്രവർത്തക വികാരം എതിരാവുമെന്നും ലീഗ് നേതൃത്വം കണക്കുകൂട്ടുന്നു.
പാണക്കാട്ട് ചേർന്ന യോഗത്തിൽ ലീഗ് ദേശീയ രാഷ്ട്രീയകാര്യ സമിതി ചെയർമാൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ, സമിതിയംഗം സാദിഖലി ശിഹാബ് തങ്ങൾ, ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ, ട്രഷറർ പി.വി. അബ്ദുൾ വഹാബ് എം.പി എന്നിവർ പങ്കെടുത്തു.
യു.ഡി.എഫിൽ തർക്കമില്ല: കുഞ്ഞാലിക്കുട്ടി
സീറ്റ് വിഭജനത്തിൽ എൽ.ഡി.എഫിലുള്ള അത്ര തർക്കമൊന്നും യു.ഡി.എഫിലില്ലെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളാ കോൺഗ്രസുമായി വീണ്ടും ചർച്ച നടത്താനിരിക്കുകയാണ്. ലീഗിന്റെ മൂന്നാംസീറ്റെന്ന ആവശ്യവും ചർച്ചയിലൂടെ പരിഹരിക്കും.