മഞ്ചേരി: ചോരക്കുഞ്ഞിനെ നിലത്തടിച്ചു കൊന്ന കേസിൽ മാതാവിന് ഇരട്ട ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഊർങ്ങാട്ടിരി നായാടംപൊയിൽ ആദിവാസി കോളനിയിലെ പൊട്ടൻപാറ ശാരദയ്ക്കാണ് (36) മഞ്ചേരി രണ്ടാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എ.വി. നാരായണൻ ശിക്ഷ വിധിച്ചത്. കൊലപാതകത്തിന് ജീവപര്യന്തം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. തെളിവു നശിപ്പിച്ചതിനും ഇതേ ശിക്ഷ വിധിച്ചു.
തടവ് ഒന്നിച്ചനുഭവിച്ചാൽ മതി. പിഴയൊടുക്കാത്തപക്ഷം ആറുമാസം അധിക തടവനുഭവിക്കണം. ദൃക്‌സാക്ഷികളില്ലാത്ത കേസിൽ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനായതെന്ന് അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സി. വാസു പറഞ്ഞു. പ്രതിയുടെ കുറ്റസമ്മത മൊഴിയുടെ അടിസ്ഥാനത്തിൽ മൃതദേഹം പുറത്തെടുത്ത് ഡി.എൻ.എ പരിശോധനയിലൂടെ മാതാവിനെ തിരിച്ചറിഞ്ഞിരുന്നു.