മലപ്പുറം: വയനാട്ടിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പാണ്ടിക്കാട് വളരാട്ടിൽ സ്വദേശി സി.പി.ജലീൽ (28) മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായത് സഹോദരങ്ങൾ മുഖേന. മൂത്തസഹോദരൻ മൊയ്‌തീൻ കേരളം, കർണാടക, തമിഴ്‌നാട് അതിർത്തിയിൽ കബനി, നാടുകാണി, ഭവാനിദളം പ്രവർത്തകരെ ഉൾപ്പെടുത്തി രൂപവത്കരിച്ച സി.പി.ഐ മാവോയിസ്റ്റ് വരാഹിണി ദളത്തിന്റെ മുഖ്യചുമതലക്കാരനാണ്. സ്ഫോടനത്തിൽ വലതുകൈ നഷ്ടപ്പെട്ട മൊയ്തീനെ വർഷങ്ങളായി പൊലീസ് അന്വേഷിക്കുന്നുണ്ട്. മറ്റൊരു സഹോദരൻ സി.പി.ഇസ്മായിലിനെ മൂന്നുവർഷം മുമ്പ് പൂനെയിൽ പ്രമുഖ മാവോയിസ്റ്റ് നേതാവ് മുരളി കണ്ണംപ്പള്ളിക്കൊപ്പം മഹാരാഷ്ട്ര എ.ടി.എസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ ജയിലിലാണ്. സഹോദരൻ സി.പി.റഷീദ് ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സംസ്ഥാന സെക്രട്ടറിയും വയനാട്ടിലെ പോരാട്ടം നേതാവുമാണ്. 2017 ജൂണിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിൽ മാവോവാദി നേതാവ് രൂപേഷിന്റെ ഭാര്യ ഷൈനയെയും അനൂപിനെയും സന്ദർശിച്ചപ്പോൾ പെൻഡ്രൈവ് കൈമാറാൻ ശ്രമിച്ചതിന് അറസ്റ്റിലായിരുന്നു. പൊലീസ് നിരീക്ഷണത്തിലാണിയാൾ.
മൂത്തസഹോദരൻ മൊയ്തീനിൽ നിന്നാണ് ജലീൽ മാവോയിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായത്. തുടക്കത്തിൽ ദളിത്, പരിസ്ഥിതി,മനുഷ്യാവകാശ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഇയാൾ കോളനികളിലെ വട്ടിപ്പലിശ സംഘത്തിനെതിരെയും രംഗത്തുവന്നിരുന്നു.നാടുമായി വലിയ ബന്ധമോ സൗഹൃദങ്ങളോ ഉണ്ടായിരുന്നില്ല. പാണ്ടിക്കാട് ജി.എച്ച്.എസിൽ പത്താംക്ലാസ് വരെ പഠിച്ച ജലീലിന് നാട്ടിൽ കൽപ്പണിയായിരുന്നു. മാവോയിസ്റ്റ് ലഘുലേഖ പതിക്കാൻ ശ്രമിച്ചതിന് മേലാറ്റൂർ പൊലീസിൽ കേസുണ്ട്. മാവോയിസ്റ്റ് വേട്ട ശക്തമാക്കിയതോടെ നാട്ടിൽ നിന്ന് മുങ്ങി. നാല് വർഷത്തോളമായി വീടുമായി ബന്ധമില്ല.വയനാട് കേന്ദ്രീകരിച്ചാണ് പ്രവർത്തിച്ചിരുന്നത്.
പരേതനായ ചെറുകപ്പള്ളി ഹംസയുടെയും 74കാരിയായ ഹലീമയുടെയും ഒമ്പതുമക്കളിൽ അഞ്ചാമനാണ് ജലീൽ. ആറ് ആൺമക്കളും മൂന്ന് പെൺമക്കളുമടങ്ങിയതാണ് കുടുംബം. സഹോദരിമാരും ഒരുസഹോദരനും മാത്രമാണ് വിവാഹം കഴിച്ചത്. ഇത്തരം പ്രസ്ഥാനങ്ങളുമായി അകന്നു കഴിയുന്ന അൻസാർ മാത്രമാണ് വിവാഹിതനായത്. അഞ്ചുവർഷം മുമ്പാണ്, ലോറി ഡ്രൈവറായിരുന്ന ഇവരുടെ പിതാവ് മരിച്ചത്. പാണ്ടിക്കാട് വളരാട്ടിലെ തറവാട്ടുവീട്ടിൽ ജലീലിന്റെ സഹോദരിയും അനിയനുമാണ് താമസിക്കുന്നത്. മറ്റു മക്കൾക്കൊപ്പം പാണ്ടിക്കാട്ടെ വാടകവീട്ടിൽ കഴിയുന്ന മാതാവ് ഹലീമ അസുഖങ്ങളെ തുടർന്ന് കിടപ്പിലാണ്.