മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്ഥികളായി മലപ്പുറത്ത് പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനിയിൽ ഇ.ടി. മുഹമ്മദ് ബഷീറും ഇത്തവണയും മത്സരിച്ചേക്കും. അതേസമയം കുഞ്ഞാലിക്കുട്ടിയെ പൊന്നാനിയിലേക്ക് മാറ്റാൻ പാർട്ടിയിൽ സമ്മർദ്ദമുണ്ട്. കുഞ്ഞാലിക്കുട്ടിക്ക് അതിൽ താൽപര്യമില്ല.
ഇന്ന് കോഴിക്കോട് ചേരുന്ന സംസ്ഥാന പ്രവർത്തക സമിതി യോഗം സ്ഥാനാർത്ഥി പ്രഖ്യാപനത്തിനായി സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ ചുമതലപ്പെടുത്തും.
പാണക്കാട്ട് ചേർന്ന ലീഗ് ഉന്നതാധികാര സമിതി യോഗത്തിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച ധാരണയായതിനാൽ ഇതു സംബന്ധിച്ച ചർച്ചകൾ പ്രവർത്തക സമിതിയിലുണ്ടാവില്ല. തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിലാവും ചർച്ച കേന്ദ്രീകരിക്കുക.
പൊന്നാനിയിൽ കഴിഞ്ഞ തവണ ഇ.ടിയുടെ ഭൂരിപക്ഷം വലിയതോതിൽ ഇടിഞ്ഞ സാഹചര്യത്തിലാണ് ഇവിടെ പി.കെ.കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാൻ അവസാന നിമിഷവും ശ്രമം നടക്കുന്നത്. പൊന്നാനിയിലെ പ്രാദേശിക നേതൃത്വവും ഒരുകൂട്ടം എം.എൽ.എമാരും നേതാക്കളും ഈ ആവശ്യം സംസ്ഥാന അദ്ധ്യക്ഷനെ അറിയിച്ചിട്ടുണ്ട്. ഇ.ടിയെ മലപ്പുറത്തേക്ക് മാറ്റുന്നതിലൂടെ രണ്ടുസീറ്റുകളിലും അനായാസ വിജയം നേടാമെന്നാണ് കണക്കുകൂട്ടൽ. ഇ.ടിക്കും ഇതിൽ താത്പര്യമുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ ശക്തമായ എതിർപ്പാണ് തടസം. കഴിഞ്ഞ ദിവസം പാണക്കാട് ചേർന്ന ലീഗ് ഉന്നതാധികാര സമിതിയിലും ഇതു സംബന്ധിച്ച ചർച്ച ഉയർന്നെങ്കിലും കുഞ്ഞാലിക്കുട്ടി വഴങ്ങിയില്ല.
1977ലെ മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം പൊന്നാനിയിൽ വിജയം ലീഗിനായിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ജി.എം. ബനാത്തുവാലയും ഇബ്രാഹീം സുലൈമാൻ സേട്ടും ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ണിൽ ഇ.ടിയുടെ ഭൂരിപക്ഷം 25,410 വോട്ടായി കുറഞ്ഞത് ലീഗിനെ ഞെട്ടിച്ചിരുന്നു. കഴിഞ്ഞ തവണ വിനയായ കോൺഗ്രസ് - ലീഗ് പോര് ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല. ഇ.ടിക്കു പകരം കുഞ്ഞാലിക്കുട്ടിയെ രംഗത്തിറക്കണമെന്ന വിവാദപ്രമേയവും യൂത്ത് കോൺഗ്രസ് പാർലമെന്റ് കമ്മിറ്റി ഇറക്കി. കഴിഞ്ഞ തവണ പൊന്നാനിയിൽ ഇടതുബാനറിൽ മുൻകോൺഗ്രസുകാരനായ വി.അബ്ദുറഹ്‌മാൻ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ഇത്തവണയും മുൻകോൺഗ്രസുകാരനായ പി.വി. അൻവർ എം.എൽ.എയെയാണ് ഇടതുപക്ഷം സ്ഥാനാർത്ഥിയായി പ്രധാനമായും പരിഗണിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പൊന്നാനിയിൽ കുഞ്ഞാലിക്കുട്ടിക്കായി മുറവിളി ഉയരുന്നത്.