kf
.

മലപ്പുറം: പൊന്നാനിയിൽ ലോക്‌സഭ മണ്ഡലത്തിൽ പി.വി. അൻവ‌ർ എം.എൽ.എയെ തന്നെ മത്സരിപ്പിക്കാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ ധാരണ. താനൂർ എം.എൽ.എ വി.അബ്ദുറഹ്മാൻ, സിഡ്‌കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, വ്യവസായ പ്രമുഖൻ ഗഫൂർ പി. ലില്ലീസ് എന്നിവരുടെ പേരുകളും ഇടംപിടിച്ചെങ്കിലും അവസാനനിമിഷം നിലമ്പൂർ എം.എൽ.എയായ അൻവറിൽ തന്നെയെത്തി. വി. അബ്ദുറഹ്മാനെ മത്സരിപ്പിക്കാനായിരുന്നു പൊന്നാനി ലോക്‌സഭ മണ്ഡലം കമ്മിറ്റിക്ക് താത്പര്യമെങ്കിലും താനൂരിൽ തുടരാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. തിരഞ്ഞെടുപ്പ് ചെലവ് വഹിക്കുന്നത് സംബന്ധിച്ച അഭിപ്രായ ഭിന്നതയിലാണ് നിയാസ് പുളിക്കലകത്ത് പിന്മാറിയതെന്നാണ് വിവരം. ഗഫൂ‌ർ പി. ലില്ലീസിനേക്കാൾ ശക്തമായ മത്സരം കാഴ്ച്ച വയ്ക്കാൻ പി.വി. അൻവറിനാകുമെന്നതും മത്സരസന്നദ്ധതയും ജില്ലാ കമ്മിറ്റിയുടെ പിന്തുണയും അൻവറിനെ തുണച്ചു. ഭൂമികൈയേറ്റവും അനധികൃത തടയണ നിർ‌മ്മാണവുമടക്കമുള്ള വിവാദങ്ങൾ അൻവറിന്റെ പേരിലുള്ളതാണ് ഇടതുക്യാമ്പിൽ ആശങ്ക സൃഷ്ടിച്ചത്. ഇക്കാര്യം പരിഗണിച്ച സംസ്ഥാന കമ്മിറ്റി മറ്റൊരു പേര് നിർദ്ദേശിക്കാൻ ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. പുതിയ പേര് നൽകാതിരുന്ന ജില്ലാ നേതൃത്വം വിജയസാദ്ധ്യതയുള്ള സ്ഥാനാ‌ർത്ഥിയെ കണ്ടെത്താൻ സംസ്ഥാന കമ്മിറ്റിയോട് നിർദ്ദേശിച്ചു. പാർട്ടി സ്ഥാനാർത്ഥി മത്സരിച്ചാൽ വിജയിക്കില്ലെന്നും സ്വതന്ത്ര സ്ഥാനാർത്ഥി വേണമെന്നും ജില്ലാ കമ്മിറ്റി നിലപാടെടുത്തു. 2016ൽ കോൺഗ്രസിന്റെ തട്ടകമായ നിലമ്പൂരിൽ മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ 11,​504 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് പി.വി. അൻവർ എം.എൽ.എയായത്. 2014ൽ ഇരുമുന്നണികളുടെയും പിന്തുണയില്ലാതെ വയനാട് ലോക്‌സഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച അൻവർ 37,123 വോട്ട് നേടി. 2011ൽ ലീഗ് കോട്ടയായ ഏറനാടിൽ ലീഗിലെ പി.കെ. ബഷീറിനെതിരെ ശക്തമായ മത്സരം കാഴ്ച്ചവച്ചു. പി.വി.അൻവ‌ർ അരലക്ഷത്തോളം വോട്ട് നേടിയപ്പോൾ ഇടതുപക്ഷത്തിനായി മത്സരിച്ച സി.പി.ഐയുടെ സ്ഥാനാർത്ഥി അഷ്റഫ് കാളിയത്തിന് 2,700 വോട്ടാണ് ലഭിച്ചത്. സ്വന്തം സ്ഥാനാർത്ഥിയെ തഴഞ്ഞ് സി.പി.എമ്മും സി.പി.ഐയിലെ ഒരുവിഭാഗവും അൻവറിന് രഹസ്യപിന്തുണ നൽകിയെന്ന ആരോപണം വലിയ വിവാദമായിരുന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പിലെല്ലാം കോൺഗ്രസ് വോട്ടുകൾ ചോർത്താൻ മുൻകോൺഗ്രസുകാരനായ പി.വി.അൻവറിന് കഴിഞ്ഞിട്ടുണ്ടെന്നതാണ് ലീഗ് - കോൺഗ്രസ് പോര് നിലനിൽക്കുന്ന പൊന്നാനിയിൽ ഇടതുപക്ഷത്തിന് പ്രതീക്ഷയേകുന്നത്.