news
.

പെരിന്തൽമണ്ണ: പൂന്താനം സാംസ്‌കാരികവേദിയുടെ 2019ലെ ഘനസംഘം പുരസ്‌കാരത്തിന് സാഹിത്യകാരൻ മേലാറ്റൂർ രാധാകൃഷ്ണൻ അർഹനായി. സാഹിത്യ, സാംസ്‌കാരിക, സംഘാടനാ രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്കാണ് അവാർഡ്. 10001 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ പുരസ്‌കാരം ഇന്ന് അങ്ങാടിപ്പുറത്ത് പൂന്താനം സാഹിത്യോത്സവത്തിന്റെ ഉദ്ഘാടന സദസ്സിൽ വച്ച് സമ്മാനിക്കും. മലപ്പുറം ജില്ലയിലെ മേലാറ്റൂർ സ്വദേശിയായ രാധാകൃഷ്ണൻ ചെർപ്പുളശ്ശേരി ജി.എച്ച്.എസ്.എസ് പ്രിൻസിപ്പലായി റിട്ടയർ ചെയ്തു. രോഹിണിദേവിയാണ് ഭാര്യ. മക്കൾ ഡോ.ദേവി കൃഷ്ണൻ, ദിവ്യശ്രീ കൃഷ്ണൻ. പ്രകാശം പരത്തിയ ജീവിതങ്ങൾ, സ്മരണകൾ സ്മാരകങ്ങൾ, കരിയിലകൾ പാദരേണുക്കൾ, കുട്ടികൃഷ്ണമാരാർ തുടങ്ങിയവ മുഖ്യകൃതികളാണ്. നിരൂപകൻ, ഗവേഷകൻ, പ്രഭാഷകൻ, സംഘാടകൻ എന്നീ നിലകളിലുള്ള 55 വർഷത്തെ സമഗ്ര സംഭാവനകളാണ് അദ്ദേഹത്തെ അവാർഡിന് അർഹനാക്കിയതെന്ന് പൂന്താനം സാംസ്‌കാരിക വേദി പ്രസിഡന്റ് ഡോ:പി.വി. കൃഷ്ണൻ നായർ തൃശൂരിൽ അറിയിച്ചു. ഇന്നും നാളെയുമായി വിവിധ പരിപാടികളോടെ അങ്ങാടിപ്പുറത്ത് പൂന്താനം സാഹിത്യോത്സവം അരങ്ങേറും.