മലപ്പുറം: കേരള രാഷ്ട്രീയത്തിലെ അതികായകനെതിരെ കന്നിയങ്കം. പിതാവിനെ തോൽപ്പിച്ചയാൾക്കെതിരെയാണ് തുടക്കമെന്ന അപൂർവ്വത വേറെ. ദേശീയതലത്തിൽ എസ്.എഫ്.ഐയുടെ തീപ്പൊരി പോരാട്ടങ്ങൾക്ക് നേതൃത്വമേകുന്ന വി.പി. സാനുവിനെ കാത്തിരിക്കുന്നത് രാഷ്ട്രീയജീവിതത്തിലെ വലിയ ബലപരീക്ഷണം. സ്ഥാനാർത്ഥി ചിത്രം വ്യക്തമാവുമ്പോൾ, ഒരുപക്ഷെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയാവും പച്ചക്കോട്ടയിൽ ചെങ്കൊടിയേന്താൻ ചുമതലപ്പെട്ട എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് കൂടിയായ ഈ മുപ്പതുകാരൻ. ചെറുപ്പത്തിന്റെ ആവേശവും പ്രസംഗകലയിലെ മികവുമാണ് ലീഗ് കോട്ടയിളക്കാനുള്ള കൈമുതൽ. ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടർന്ന് 2017ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ സി.പി.എമ്മിന്റെ യുവസ്ഥാനാർത്ഥി എം.ബി ഫൈസലിനെതിരെ 1.71 ലക്ഷം വോട്ടിന്റെ വൻഭൂരിപക്ഷമാണ് ലീഗിന്റെ അമരക്കാരനായ പി.കെ. കുഞ്ഞാലിക്കുട്ടി നേടിയത്. 2014ൽ സി.പി.എമ്മിന്റെ പി.കെ. സൈനബയ്‌ക്കെതിരെ ഇ.അഹമ്മദിന് 1.94 ലക്ഷം വോട്ടായിരുന്നു ഭൂരിപക്ഷം. ഇത്തവണ ലീഗ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷത്തിലെത്തിക്കുകയാണ് ലീഗിന്റെ ലക്ഷ്യം. ലോക്‌സഭ പരിധിയിലെ ഏഴ് നിയോജക മണ്ഡലങ്ങളിലും പച്ചക്കൊടി പാറുന്നയിടത്തേക്കാണ് യുവത്വത്തിന്റെ പോരാട്ടവീര്യവുമായി വി.പി. സാനുവെത്തുന്നത്. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗവും മുതിർന്ന നേതാവുമായ വി.പി. സക്കരിയയുടെ മകനായ വി.പി. സാനു ബാലസംഘത്തിലൂടെയാണ് സംഘടനാ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ജില്ലയിലെ പ്രമുഖ സി.പി.എം നേതാവ് കൂടിയായ സക്കരിയയുടെ ജീവിതം കണ്ടറിഞ്ഞ സാനുവിനും പാർട്ടിയായി ജീവിതം. ബാലസംഘം വളാഞ്ചേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ഏരിയ പ്രസിഡന്റ്, 2006ൽ ജില്ലാ സെക്രട്ടറി പദങ്ങൾക്ക് ശേഷം കുറ്റിപ്പുറം ഗവ.ഹൈസ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരിക്കെയാണ് എസ്.എഫ്.ഐയിലെത്തുന്നത്. തൊട്ടുപിന്നാലെ യൂണിറ്റ്, ഏരിയ പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു. 2011ൽ മലപ്പുറം ജില്ലാ സെക്രട്ടറിയായാണ് നേതൃതലത്തിലെ പ്രധാന സ്ഥാനങ്ങളിലേക്കുള്ള തുടക്കം. കാലിക്കറ്റ് സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ മുൻനിര നായകനായി. 2013ൽ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കും തിരഞ്ഞെടുക്കപ്പെട്ടു. യു.ഡി.എഫ് സർക്കാരിന്റെ വിദ്യാഭ്യാസ നയങ്ങൾക്കെതിരെയുള്ള ശക്തമായ പ്രക്ഷോഭങ്ങളും നേതൃമികവും 2015ൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് വഴികാട്ടി. പ്രവർത്തന മികവിനുള്ള അംഗീകാരമായി 2016 ജനുവരിയിൽ എസ്.എഫ്.ഐയുടെ ദേശീയ പ്രസിഡന്റായി. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ ഗവേഷക വിദ്യാർത്ഥി രോഹിത് വെമുലയുടെ മരണത്തിൽ രാജ്യം വലിയ പ്രതിഷേധങ്ങൾക്ക് സാക്ഷിയായതോടെ വലിയ ഉത്തരവാദിത്വമാണ് സാനുവിനെ കാത്തിരുന്നത്. ഹൈദരാബാദിലെ വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ഡൽഹിയിൽ നടന്ന പ്രക്ഷോഭത്തെ തുടർന്ന് സ്ഥാനമേറ്റെടുത്ത് രണ്ടാംദിവസം അറസ്റ്റിലായി. ജെ.എൻ.യുവിലെ വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെയും രാജ്യത്തെ വിവിധ സർവകലാശാലയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെയും നേതൃനിരയിൽ തീപ്പൊരി പ്രാസംഗികനായി സാനു തിളങ്ങി. 2018 നവംബർ രണ്ടിന് വീണ്ടും ദേശീയ പ്രസിഡന്റ് സ്ഥാനം തേടിയെത്തി. 1991ൽ കുറ്റിപ്പുറം നിയോജകമണ്ഡലത്തിൽ പി.കെ. കുഞ്ഞാലിക്കുട്ടിയോട് പരാജയപ്പെട്ടയാളാണ് സാനുവിന്റെ പിതാവ് സക്കറിയ. അന്നും ഇന്നും ലീഗിലെ അനിഷേധ്യനായ കുഞ്ഞാലിക്കുട്ടിയോടുള്ള മത്സരം വീറേറിയതാവുമെന്നതുറപ്പാണ്. എതിരാളി ചില്ലറക്കാരനാവില്ല മലപ്പുറത്ത് സിറ്റിംഗ് എം.പി പി.കെ. കുഞ്ഞാലിക്കുട്ടി രണ്ടാംഅങ്കത്തിനിറങ്ങാനാണ് സാദ്ധ്യത. ലീഗിന് കടുത്ത വെല്ലുവിളിയുയർത്തുന്ന പൊന്നാനിയിൽ പി.കെ.കുഞ്ഞാലിക്കുട്ടി മത്സരിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ശക്തമാണ്. പകരം ഇ.ടി. മുഹമ്മദ് ബഷീറിനെ മലപ്പുറത്ത് മത്സരിപ്പിക്കണമെന്നാണ് ഇതുന്നയിക്കുന്നവരുടെ ആവശ്യം. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾക്കും ഇക്കാര്യത്തിൽ താത്പര്യമുണ്ടെന്നാണ് വിവരം. പൊന്നാനിയിൽ മത്സരിക്കുന്നതിനോട് ഇതുവരെ കുഞ്ഞാലിക്കുട്ടി മനസ്സുതുറന്നിട്ടില്ല. ഇന്ന് കോഴിക്കോട് ചേരുന്ന ലീഗ് സംസ്ഥാന പ്രവർത്തക സമിതിയിൽ ഇതു സംബന്ധിച്ച ചർച്ച നടന്നേക്കും. ഇ.ടിയും കുഞ്ഞാലിക്കുട്ടിയും മുസ്‌ലിം ലീഗിന്റെ മുഖങ്ങളും മുതിർന്ന നേതാക്കളുമാണെന്നതിനാൽ കടുത്ത മത്സരമാവും സാനുവിനെ കാത്തിരിക്കുന്നത്.