മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പ് എൽ.ഡി.എഫ് സർക്കാരിന്റെ നിലപാടുകളുടെയും നടപടികളുടെയും വിലയിരുത്തലാവുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബിന്റെ മീറ്റ് ദ ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുമുന്നണി ഇക്കുറി വൻവിജയം നേടും. 2004ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന് സമാനമായ സാഹചര്യമാണിപ്പോൾ സംസ്ഥാനത്ത്. മലപ്പുറത്ത് ഒരുസീറ്റ് ഇടതുപക്ഷം പിടിച്ചെടുക്കും. കേരളത്തിൽ എൽ.ഡി.എഫ് വെല്ലുവിളികൾ നേരിടുന്നുണ്ട്. എൽ.ഡി.എഫിനെ പുറത്താക്കാനുള്ള ശ്രമങ്ങളുമായി കോൺഗ്രസും ബി.ജെ.പിയും മുന്നോട്ടുപോവുകയാണ്. പി.വി. അൻവറിന്റെ സ്ഥാനാർത്ഥിത്വം തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിബന്ധനകൾക്ക് വിധേയമായാണ്.
ഓരോ സംസ്ഥാനത്തും അനുകൂലമായ സാഹചര്യങ്ങൾക്കനുസരിച്ച് നിലപാടെടുക്കുകയെന്നതാണ് പാർട്ടിനിലപാട്. ബി.ജെ.പിയെ പ്രതിരോധിക്കുകയാണ് ലക്ഷ്യം.
മാവോയിസ്റ്റുകളുടേത്
സാമൂഹികപ്രശ്നങ്ങൾ
മാവോയിസ്റ്റുകൾ ഉയർത്തുന്ന സാമൂഹികപ്രശ്‌നങ്ങളോട് പാർട്ടിക്ക് അനൂകൂല നിലപാടാണെന്ന് കാനം പറഞ്ഞു. എന്നാൽ അതിനായി ഉപയോഗിക്കുന്ന വഴികൾ അംഗീകരിക്കുന്നില്ല. മാവോയിസ്റ്റുകളാണ് ഉയർത്തുന്നത് എന്നതിനാൽ പ്രശ്നങ്ങളെ കണ്ടില്ലെന്ന് നടിക്കരുത്. വയനാട് വെടിവയ്പിന് ശേഷം മജിസ്‌ട്രേട്ട് തല അന്വേഷണം സർക്കാർ ഉടനേ പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.