മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയതോടെ പരസ്യപ്രചാരണങ്ങളിലേക്ക് ഇരുമുന്നണികളും. മണ്ഡലങ്ങളിലെ പ്രധാനവ്യക്തികളെ സന്ദർശിച്ച സ്ഥാനാർത്ഥികൾ ഇന്ന് മുതൽ പ്രചാരണരംഗങ്ങളിൽ സജീവമാകും. ഇടതുമുന്നണിയുടെ മലപ്പുറം പാർലമെന്റ് തിരഞ്ഞെടുപ്പ് കൺവൻഷൻ ഇന്ന് മലപ്പുറത്ത് നടക്കും. എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ, കെ.ഇ. ഇസ്മാഈൽ, എ.പി. അബ്ദുൽവഹാബ് തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. യു.ഡി.എഫ് കൺവെൻഷൻ തിയതി തീരുമാനിച്ചിട്ടില്ല. കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ചിത്രം കൂടി വ്യക്തമായതിന് ശേഷമാവും പ്രചാരണങ്ങളിൽ സജീവമാവുക. സ്ഥാനാർത്ഥികളുടെ പോസ്റ്റർ പതിക്കലും ചുവരെഴുത്തും സജീവമാക്കിയിട്ടുണ്ട്. ഇരുമുന്നണികൾക്കും ശക്തരായ സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്. മലപ്പുറത്ത് യു.ഡി.എഫിനായി കേരള രാഷ്ട്രീയത്തിലെ അതികായകനും മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്തിറങ്ങുമ്പോൾ ഇടതുപക്ഷത്തിനായി യുവത്വത്തിന്റെ ആവേശവും വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ മുൻനിരക്കാരനുമായ എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി. സാനുവാണ്. പരിചയ സമ്പത്തും യുവത്വവും ഏറ്റമുട്ടുമ്പോൾ മികച്ച മത്സരം തന്നെ കാഴ്ച്ചവെക്കാനാവുമെന്ന പ്രതീക്ഷയിലാണ് ഇരു ക്യാമ്പുകളും. കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം രണ്ട് ലക്ഷം കടത്തുകയാണ് ലീഗിന്റെ ലക്ഷ്യം. ഫാസിസവും മോദി സർക്കാർ അധികാരത്തിൽ വീണ്ടുമെത്തിയാൽ രരണഘടനയടക്കം മാറ്റിയെഴുതിയേക്കുമെന്ന പ്രചാരണത്തിനും ശക്തികൂട്ടും. കേന്ദ്രത്തിൽ യു.പി.എ അധികാരത്തിൽ വരാൻ ഏറെ അനുകൂലമായ സാഹചര്യമാണെന്നും ഇതിന് സഹായകമാവുന്ന നിലപാട് സ്വീകരിക്കണമെന്നുമാണ് അഭ്യാർത്ഥന. പാലർമെന്റിലെ മോശം പ്രകടനവും ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാതിരുന്നതും മുത്തലാഖ് ബില്ല് അവതരണസമയത്ത് പാർലമെന്റിൽ ഹാജരാകാതിരുന്നതും ഇടതുപക്ഷം പ്രചരാണായുധമാക്കും. കഴിഞ്ഞ തവണ ഫാസിസമായിരുന്നു ലീഗിന്റെ പ്രധാന പ്രചരണായുധം. ഫാസിസത്തെ ശക്തമായി നേരിടാൻ കുഞ്ഞാലിക്കുട്ടി പാർലമെന്റിലെത്തേണ്ടത് അനിവാര്യതയാണെന്ന ലീഗ് പ്രചാരണത്തിനും വലിയ പിന്തുണ ലഭിച്ചിരുന്നു. കുഞ്ഞാലിക്കുട്ടിയുടെ വീഴ്ച്ചകൾ ചൂണ്ടിക്കാട്ടി പ്രതിരോധിക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.
പൊന്നാനിയിലെ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവർ എം.എൽ.എ തീരൂരിൽ പരസ്യപ്രചാരണങ്ങൾക്ക് തുടക്കമിട്ടു. ജില്ലയിലെ കോൺഗ്രസിന്റെ മുഖമായ മുൻമന്ത്രി ആര്യാടൻ മുഹമ്മദിന്റെ തട്ടകവും കോൺഗ്രസിന്റെ കുത്തകയുമായിരുന്ന നിലമ്പൂരിൽ പതിനൊന്നായിരത്തോളം വോട്ടുകൾക്ക് ആര്യാടൻ ഷൗക്കത്തിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസമാണ് പൊന്നാനിയിൽ പി.വി.അൻവറിന്റെ കരുത്ത്. പൊന്നാനിയുടെ വികസന പിന്നാക്കാവസ്ഥ പ്രധാന ചർച്ചയാക്കും.
കോട്ട സംരക്ഷിക്കുന്നതിനൊപ്പം മികച്ച വിജയവും മുസ്‌ലിം ലീഗ് ലക്ഷ്യമിടുമ്പോൾ കഴിഞ്ഞ തവണ വിറപ്പിച്ച മണ്ഡലങ്ങളിൽ ചെങ്കൊടി പാറിപ്പിക്കുകയാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. പൊന്നാനിയിലാവും ഇത്തവണ മത്സരം കൂടുതൽ കനക്കുകയെന്നാണ് വിലയിരുത്തൽ. 1977ലെ മണ്ഡല പുനർനിർണയത്തിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം പൊന്നാനിയിൽ വിജയം ലീഗിനായിരുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ജി.എം. ബനാത്തുവാലയും ഇബ്രാഹീം സുലൈമാൻ സേട്ടും ലക്ഷത്തിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ണിൽ ഇ.ടിയുടെ ഭൂരിപക്ഷം 25,410 വോട്ടായി കുറക്കാൻ ഇടതിനായിട്ടുണ്ട്. കഴിഞ്ഞ തവണ വിനയായ കോൺഗ്രസ് ലീഗ് പോര് പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് ഇരുപാർട്ടികളുടെയും നേതൃത്വം. ഇടതുബാനറിൽ മത്സരിച്ച മുൻകോൺഗ്രസുകാരനായ വി.അബ്ദുറഹ്മാൻ കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. ബി.ജെ.പി മുക്കാൽ ലക്ഷവും എസ്.ഡി.പി.ഐ കാൽലക്ഷം വോട്ടും മണ്ഡലത്തിൽ നേടിയിട്ടുണ്ട്. എസ്.ഡി.പി.ഐ ഇത്തവണ ജില്ലാ സെക്രട്ടറി അഡ്വ. കെ.സി നസീറിനെയാണ് മത്സരിപ്പിക്കുന്നത്.
മുന്നണിക്കുള്ളിലെ വിള്ളലിലൂടെ വോട്ടുചോർച്ചയുണ്ടാവാതിരിക്കാനുള്ള ശ്രമങ്ങളാണ് യു.ഡി.എഫ് ജില്ലാ നേതൃത്വം നടത്തുന്നത്. ഇതിനകം തന്നെ പലതവണ പ്രാദേശിക നേതൃത്വങ്ങളുമായി ഇരുപാർട്ടികളുടെയും നേതാക്കൾ ചർച്ചകൾ നടത്തിയിട്ടുണ്ട്. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് വിള്ളൽ വലിയ തോതിൽ കുറഞ്ഞിട്ടുണ്ടെന്നാണ് ഇരു പാർട്ടികളുടെയും വിലയിരുത്തൽ. അതേസമയം ഇ.ടിയുടെ ഭൂരിപക്ഷം കുറഞ്ഞപ്പോൾ മണ്ഡലത്തിലെ വിവിധയിടങ്ങളിൽ കോൺഗ്രസിനെതിരെ പരസ്യമായി മാർച്ച് നടത്തിയതിന്റെ മുറിവുകൾ പ്രവർത്തകർക്കിടയിൽ നിന്ന് മാറിയിട്ടില്ലെന്നാണ് പ്രാദേശിക നേതാക്കൾ പറയുന്നത്. മണ്ഡലത്തിൽ സജീവമല്ലാതിരുന്നതും പ്രളയസമയത്ത് വിദേശ പര്യാടനത്തിലായിരുന്നതും ചൂണ്ടിക്കാട്ടിയും ചില വിഷയങ്ങളിൽ ഇ.ടിയുടെ നിലപാട് അംഗീകരിക്കാൻ കഴിയില്ലെന്ന് വാദമുയർത്തുന്നവരും യു.ഡി.എഫിനുള്ളിൽ തന്നെയുണ്ടെന്നതാണ് ഇരുപാർട്ടി നേതൃത്വങ്ങളുടെയും വെല്ലുവിളി. അതേസമയം ഇടതുസ്ഥാനാർത്ഥി പി.വി.അൻവറിനെതിരെ ഉയർന്ന ഭൂമികൈയ്യേറ്റം, അനധികൃത തടയണ നിർമ്മാണമടക്കമുള്ള ആരോപണങ്ങൾ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. മുത്തലാഖ് വിഷയത്തിൽ മുസ്‌ലിം സമുദായത്തിന്റെ വികാരത്തിനൊത്ത് പാർലമെന്റിൽ ഇ.ടി നടത്തിയ പ്രകടനം ലീഗ് ക്യാമ്പിന് കൂടുതൽ പ്രതിക്ഷ പകരുന്നുണ്ട്. അതേസമയം നിലമ്പൂരിലേതിന് സമാനമായി യു.ഡി.എഫ് വോട്ടുകൾ ചോർത്താൻ പി.വി.അൻവറിനാകുമെന്ന വിശ്വാസത്തിലാണ് സി.പി.എം ജില്ലാ നേതൃത്വം. പരമ്പരാഗത ഇടതുവോട്ടിനൊപ്പം യു.ഡി.എഫ് വോട്ടുകൾ കൂടി സമാഹരിക്കാനായാൽ വിജയസാദ്ധ്യത വർദ്ധിക്കുമെന്നും കണക്കുകൂട്ടുന്നു. കോൺഗ്രസിന്റെ ജില്ലയിലെ അതികായകനായ ആര്യാടൻ മുഹമ്മദിന്റെ മണ്ഡലത്തിൽ വിജയിക്കാനായെങ്കിൽ പൊന്നാനിയിലും വിജയം അകലെയല്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. നിലമ്പൂരിൽ പി.വി. അൻവർ നടത്തിയ വികസന നേട്ടങ്ങളും ഉയർത്തിക്കാട്ടും.