പൊന്നാനി: മൂന്നാംപക്കവും പൊന്നാനി കടക്കാൻ ഇ.ടി മുഹമ്മദ് ബഷീർ. 2009ലെയും 2014ലെയും വിജയം ആവർത്തിക്കുന്നതിനൊപ്പം മികച്ച ഭൂരിപക്ഷം സാദ്ധ്യമാക്കുകയെന്ന ലക്ഷ്യവും ഇ.ടി. മുഹമ്മദ് ബഷീറിന് മുന്നിലുണ്ട്. മുസ്ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനിയിൽ മികച്ച വിജയത്തിൽ കുറഞ്ഞതൊന്നും ഹാട്രിക് വിജയം ലക്ഷ്യമിട്ടിറങ്ങുന്ന ഇ.ടി ഉന്നംവയ്ക്കുന്നില്ല. 2004ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ആഞ്ഞടിച്ച ഇടതുതരംഗത്തിൽ 19 സീറ്റുകളും എൽ.ഡി.എഫിനൊപ്പം നിന്നപ്പോൾ പൊന്നാനി മാത്രമാണ് യു.ഡി.എഫിനൊപ്പം ഉറച്ചു നിന്നത്. 2009ലും 2014ലും ഭൂരിപക്ഷത്തിൽ കുറവുണ്ടായത് മുസ്ലിം ലീഗ് കേന്ദ്രങ്ങളിൽ ഞെട്ടലുണ്ടാക്കിയിരുന്നെങ്കിലും ഇത്തവണയത് മറികടക്കാനാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് മുസ്ലിം ലീഗ്.1977 മുതൽ മുസ്ലിം ലീഗിനൊപ്പമുള്ള പൊന്നാനിയിൽ ഒരു ലക്ഷത്തിന് മുകളിൽ ഭൂരിപക്ഷത്തിലാണ് ലീഗ് സ്ഥാനാർത്ഥികൾ വിജയിച്ചിരുന്നത്. 2009ൽ ഭൂരിപക്ഷം 82,684ഉം, 2014ൽ 25,410മായി കുറഞ്ഞു. ഭൂരിപക്ഷത്തിൽ തുടർച്ചയായുണ്ടായ കുറവ് പൊന്നാനിയുടെ മേൽ വലിയ പ്രതീക്ഷകളാണ് ഇടതുമുന്നണിക്ക് നൽകിയിരിക്കുന്നത്. പൊന്നാനി പിടിക്കാൻ അരയും തലയും മുറുക്കിയാണ് ഇടതുമുന്നണി പ്രചാരണ രംഗത്ത് നിറയുക. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ പരിചയവും പാർലമെന്റിലെ ഇടപെടലുകളും ഇ.ടി മുഹമ്മദ് ബഷീറിന് അനുകൂല ഘടകങ്ങളാകും.രാജ്യത്തെ ന്യൂനപക്ഷ വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളും മുത്തലാഖ് ഉൾപ്പെടെയുള്ള ബില്ലുകളിൽ ലോക്സഭയിലെ വാദപ്രതിവാദങ്ങളും ഇ.ടിക്ക് ഗുണം ചെയ്യും. ഇ. ടിയുടെ വ്യക്തിപ്രഭാവം ഉയർത്തിപ്പിടിച്ചായിരിക്കും യു.ഡി.എഫ് പ്രചാരണ രംഗത്ത് നിറയുക. യു.ഡി.എഫ് വോട്ടുകളിൽ ചോർച്ച സംഭവിക്കുമോയെന്ന ആശങ്ക മുസ്ലിംലീഗിനുണ്ട്. ഇ.ടി. മുഹമ്മദ് ബഷീറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ പൊന്നാനി ലോക്സഭ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പുറത്തിറക്കിയ പ്രമേയത്തെ ഗൗരവത്തോടെയാണ് ലീഗ് നേതൃത്വം കാണുന്നത്. കോൺഗ്രസ് വോട്ടുകളിലെ ചോർച്ചയാണ് 2014ൽ ഭൂരിപക്ഷം കുത്തനെ കുറയാൻ കാരണമായതെന്നാണ് മുസ്ലിം ലീഗിന്റെ വിലയിരുത്തൽ. ഇത്തവണ വോട്ട് ചോർച്ചയ്ക്കുള്ള മുഴുവൻ സാദ്ധ്യതകളും അടച്ചാണ് ലീഗ് തിരഞ്ഞെടുപ്പിനൊരുങ്ങിയിരിക്കുന്നത്.കോൺഗ്രസ് ബന്ധമുള്ള പൊതു സ്വതന്തനെ രംഗത്തിറക്കിയ 2014ലെ അതേ പരീക്ഷണമാണ് ഇത്തവണയും സി.പി.എം പുറത്തെടുത്തിരിക്കുന്നത്. പി.വി. അൻവറിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ ലീഗ് വിരുദ്ധ കോൺഗ്രസ് വോട്ടുകൾ നേടാനാണ് സി.പി.എം ലക്ഷ്യമിടുന്നത്. ഇതിനെ പ്രതിരോധിക്കാനായാൽ വൻ ഭൂരിപക്ഷത്തിൽ ഇ.ടിയുടെ വിജയം ഉറപ്പാക്കാനാകുമെന്നാണ് മുസ്ലിം ലീഗിന്റെ കണക്കുകൂട്ടൽ.