നിലമ്പൂർ: വേങ്ങര കാരാത്തോട് സ്വദേശിയായ ഓട്ടോഡ്രൈവറെ കഞ്ചാവ് കേസിൽ കുടുക്കിയ സംഭവത്തിലെ സൂത്രധാരനെ നിലമ്പൂർ പൊലീസ് അറസ്റ്റ് ചെയ്തു. വേങ്ങര കാരാത്തോട് പാണ്ടിക്കടവത്ത് അബു താഹിർ (35) ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ജൂൺ 22ന് പുലർച്ചെയായിരുന്നു സംഭവം. മുമ്പ് ഇത്തരത്തിലുള്ള ഒരു കേസിലും പെടാത്ത യുവാവ് കഞ്ചാവ് കേസിൽ അകപ്പെട്ടത് നാട്ടിൽ ചർച്ചയായിരുന്നു. തുടക്കത്തിൽ തന്നെ പൊലീസിനും ഇതിൽ സംശയമുണ്ടായിരുന്നു. വേങ്ങരയിലെ യുണൈറ്റഡ് ക്ലബ്ബ് സംഘടിപ്പിച്ച ഫുട്ബാൾ മത്സരവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിൽ അടിപിടിയും വാക്ക് തർക്കവുമുണ്ടായിരുന്നു. മറു ചേരിയിലുള്ള യുവാവിനെ കുടുക്കാൻ മണ്ണ്,മണൽ, ക്വാറി ഇടപാട് നടത്തുന്ന അബു താഹിർ മുന്നിട്ടിറങ്ങുകയായിരുന്നു. ഇരുവിഭാഗങ്ങൾ തമ്മിൽ അടിപിടിയും വഴക്കും സാധാരണമായിരുന്നു.
വേങ്ങര എസ്.ഐക്ക് വന്ന ഫോൺ കോളിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. എസ്.ഐ.ക്ക് വിവരം നൽകിയത് അബുതാഹിർ ആയിരുന്നു. അന്ന് തന്നെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും പരിചയക്കാരായ മറ്റ് പൊലീസുകാരെയും വിളിച്ച് ഇതേ വിവരം നൽകിയിരുന്നു. അറസ്റ്റിലായ ഫാജിദ് എന്ന യുവാവിനെ വടകര എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുവാവിനെ ചതിയിൽ പെടുത്തിയതാകാം എന്ന നിഗമനത്തിൽ കോടതി സംശയത്തിന്റെ ആനുകൂല്യത്തിൽ ജാമ്യത്തിൽ വിട്ടു. ജാമ്യത്തിലിറങ്ങിയ ശേഷം യുവാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്റെ സൂത്രധാരൻ പിടിയിലാകുന്നത്. ഇതിനായി നാട്ടുകാർ പ്രത്യേകം കമ്മിറ്റി രൂപവത്കരിച്ചിരുന്നു. മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ അന്വേഷണച്ചുമതല പെരിന്തൽമണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രന് കൈമാറി. അന്വേഷണത്തിൽ യുവാവ് നിരപരാധിയാണെന്ന് കണ്ടതോടെ കേസിൽ നിന്ന് ഒഴിവാക്കാൻ കോടതിക്ക് റിപ്പോർട്ട് നൽകുകയും ചെയ്തു. വേങ്ങരയിലെയും പരിസരങ്ങളിലെയും സിസി ടിവി ദൃശ്യങ്ങളും എസ്.ഐക്ക് വിവരം നൽകിയ അബു താഹിറിന്റെയും സുഹൃത്തുക്കളുടെയും മൊബൈൽ, ഫേസ്ബുക്ക്, വാട്സാപ്പ് സന്ദേശങ്ങളും നിരീക്ഷിച്ചു. സംഭവസമയത്ത് ക്ലബ്ബിന്റെ പരിസരത്ത് ഓട്ടോ നിറുത്തി ഫാജിദ് ഫുട്ബാൾ മത്സരം കണ്ടിരിക്കെ രണ്ട് യുവാക്കൾ ക്ലബ്ബിന്റെ അടുത്തേക്ക് കവർ തൂക്കിപ്പിടിച്ച് വരുന്നതിന്റെ ദൃശ്യങ്ങൾ കണ്ടെത്തി. കഴിഞ്ഞ ഡിസംബറിൽ വേങ്ങര സ്വദേശികളായ ആലമ്പറ്റ ഭരതൻ(35), ചക്കിങ്ങത്തൊടി കബീർ(28) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അബു താഹിർ ഒളിവിൽ പോയി.
മൂന്ന് മാസത്തോളം ഒളിവിൽ കഴിഞ്ഞ അബുതാഹിർ ഹൈക്കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടി. കോടതി നിർദ്ദേശ പ്രകാരം അന്വേഷണ ഉദ്യോഗസ്ഥനായ എം.പി.മോഹനചന്ദ്രന്റെ മുന്നിൽ ഇന്നലെ കീഴടങ്ങുകയായിരുന്നു. ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മൂന്ന് മാസക്കാലം ആഴ്ച്ചയിൽ ഒരു ദിവസം ഡിവൈ.എസ്.പി മുമ്പാകെ ഹാജരാവാനും ഒരു ലക്ഷം രൂപ വീതം രണ്ട് ആൾ ജാമ്യത്തിലുമാണ് കോടതി മുൻകൂർ ജാമ്യമനുവദിച്ചത്. പാസ്പോർട്ട് കോടതിയിൽ ഹാജരാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. തൃശ്ശൂർ റെയ്ഞ്ച് ഐ.ജി.ക്ക് നാട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. ഡിവൈ.എസ്.പിയെ കൂടാതെ എസ്.ഐ ആന്റണി, എ.എസ്.ഐമാരായ സി.പി.മുരളി, സി.പി.സന്തോഷ്, എം.അസൈനാർ, സതീഷ് കുമാർ, സി.പി.ഒമാരായ കൃഷ്ണകുമാർ, മനോജ്, എൻ.പി.സുനിൽ, പ്രദീപ്, ശശികുമാർ തിരുവാലി എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.