മലപ്പുറം: തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഭിന്നതയില്ലെന്ന് ബി.ജെ.പി വക്താവ് ബി. ഗോപാലകൃഷ്ണൻ പറഞ്ഞു. പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടാവാം. എന്നാൽ കേന്ദ്ര നേതൃത്വം എടുക്കുന്ന തീരുമാനം സംസ്ഥാനഘടകം അംഗീകരിക്കും. മലപ്പുറത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാർത്ഥി നിർണ്ണയത്തിലും സംഘടനാകാര്യങ്ങളിലും ആർ.എസ്.എസ് ഇടപെടുന്നില്ല. തീരുമാനം ബി.ജെ.പിയുടേതാണ്. സംസ്ഥാനത്ത് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി അക്കൗണ്ട് തുറക്കുമെന്നാണ് പ്രത്യാശ. ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാരിന്റെ വീഴ്ച ബി.ജെ.പിക്ക് ലഭിക്കുന്ന വോട്ടിൽ പ്രതിഫലിക്കും. നവോത്ഥാനം സംസാരിക്കുന്ന സി.പി.എം തിരഞ്ഞെടുപ്പ് വരുമ്പോൾ ജാതിമത രാഷ്ട്രീയം കളിക്കുകയാണ്. സി.പി. എം-കോൺഗ്രസ് ഒളിസേവയാണ് കേരളത്തിൽ നടക്കുന്നത്. കൈയേറ്റക്കാരെയും ബൂർഷ്വാസികളെയുമാണ് സി.പി.എം സ്ഥാനാർത്ഥികളാക്കിയത്. പൊന്നാനിയിലെ പി.വി. അൻവറിന്റെ സ്ഥാനാർത്ഥിത്വം ഇതിനുദാഹരണമാണ്. മാവോയിസ്റ്റ് ജലീലിനെ വെടിവച്ചു കൊന്നത് സംബന്ധിച്ച് സി.പി.ഐ നയം വ്യക്തമാക്കണം. കമ്മ്യൂണിസ്റ്റ് രാജ്യങ്ങൾ മാത്രമല്ല, കമ്മ്യൂണിസ്റ്റ് കുടുംബങ്ങളും തകരുകയാണ്. കൊല്ലപ്പെട്ട മാവോയിസ്റ്റിന്റെ പിതാവ് കമ്മ്യൂണിസത്തെ നെഞ്ചേറ്റിയയാളാണ്. ബി.ജെ.പി സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.