മലപ്പുറം ലോക്‌സഭ മണ്ഡലത്തിൽ എൽ.ഡി.എഫിന്റെ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി. സാനു തന്റെ നിലപാടുകളും പ്രതീക്ഷകളും കേരളകൗമുദിയോട് വ്യക്തമാക്കുന്നു.
നിലവിലെ സ്ഥാനാർത്ഥികളിൽ ചെറുപ്പമാണ് താങ്കൾ. തിരഞ്ഞെടുപ്പ് മത്സരരംഗത്തും കന്നിയങ്കം. ഈ സാദ്ധ്യതകളെ എങ്ങനെ കാണുന്നു.
എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റായിരുന്ന സമയത്താണ് എ.വിജയരാഘവൻ പാലക്കാട് മത്സരിച്ച് എം.പിയായത്. അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്റെ ഏകവിജയം കോട്ടയത്തെ സുരേഷ് കുറുപ്പെന്ന എസ്.എഫ്.ഐയുടെ സംസ്ഥാന പ്രസിഡന്റിന്റേതാണ് . 2006ൽ കുഞ്ഞാലിക്കുട്ടിയെ പരാജയപ്പെടുത്തുമ്പോൾ കെ.ടി. ജലീലും യുവാവായിരുന്നു.
രണ്ടുകോടി തൊഴിലവസരം വാഗ്ദാനം ചെയ്തതിലൂടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുവത്വത്തിന്റെ വലിയൊരു പിന്തുണ നരേന്ദ്രമോദിക്ക് ലഭിച്ചു. തൊഴിൽ ലഭിച്ചില്ലെന്ന് മാത്രമല്ല, പലരുടെയും തൊഴിൽ ഇല്ലാതാക്കുകയും ചെയ്തു. നിലവിൽ റിപ്പോർട്ട് ചെയ്ത 24 ലക്ഷം തൊഴിലവസരങ്ങളാണ് വിവിധ വകുപ്പുകളിൽ നികത്താതെ കിടക്കുന്നത്. യുവതലമുറ വളരെ കൃത്യമായി ഇത്തരം ഇരട്ടത്താപ്പുകൾക്കും വർഗീയതയ്ക്കും കോർപ്പറേറ്റ് അനുകൂല സാമ്പത്തിക നയങ്ങൾക്കും അഴിമതിക്കുമെതിരെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. ഇന്ത്യയിലെ വിദ്യാർത്ഥികളാണ് പ്രതിപക്ഷമെന്ന് പറയുന്ന തരത്തിൽ വിവിധ സർവകലാശാലകളിലടക്കം പ്രക്ഷോഭങ്ങൾ ഉയർന്നുവന്നു. കഴിഞ്ഞ അഞ്ച് വർഷത്തോളമായി തുടർന്നു വരുന്ന പോരാട്ടങ്ങളുടെ തുടർച്ചയാണ് എന്റേത്. രാജ്യത്ത് യുവതലമുറ വഹിക്കുന്ന പങ്ക് മലപ്പുറത്തും ആവർത്തിക്കും.മലപ്പുറം പാർലമെന്റ് മണ്ഡലത്തിൽ യുവാക്കളുടെ എണ്ണം വളരെ കൂടുതലാണ്.
ലീഗിന്റെ കോട്ടയായി നിലനിൽക്കുന്ന മണ്ഡലത്തിൽ ലീഗിലെ ശക്തനായ നേതാവിനെതിരെയാണ് മത്സരം?
പാർലമെന്റിലെ പ്രകടനം നോക്കിയാലും പങ്കെടുത്ത ചർച്ചകൾ നോക്കിയാലും ഏറ്റവും പിറകിൽ നിൽക്കുന്ന വ്യക്തിയാണ് അദ്ദേഹം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എല്ലാവിധ അഭിപ്രായഭിന്നതകളും മാറ്റിവച്ചാണ് പ്രതിപക്ഷം പൊതുസ്ഥാനാർത്ഥിയെ നിറുത്തിയത്. ഈ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് വോട്ട് ചെയ്യാത്ത രണ്ട് എം.പിമാരും മുസ്‌ലിം ലീഗിന്റേതാണ്. മുത്തലാഖുമായി ബന്ധപ്പെട്ടുണ്ടായ സംഭവത്തിൽ പ്രതിഷേധം രേഖപ്പെടുത്താത്ത ഏക എം.പി മലപ്പുറം മണ്ഡലത്തിൽ നിന്നാണ്. ഇത്തരം വിഷയങ്ങളെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാവും.
91ൽ കുറ്റിപ്പുറത്ത് പിതാവ് സക്കരിയ മത്സരിച്ചു. ഇന്ന് താങ്കളും. കുഞ്ഞാലിക്കുട്ടിയെന്ന മത്സരാർത്ഥിയെ എങ്ങനെ വിലയിരുത്തുന്നു.
ദീർഘകാലം എൽ.എൽ.എയും മന്ത്രിയുമൊക്കെ ആയിരുന്നെന്ന നിലയ്ക്ക് കുഞ്ഞാലിക്കുട്ടി കേരളത്തിൽ വളരെ പ്രാധാന്യമുള്ള നേതാവാണ്. പക്ഷെ പാർലമെന്റിലെ പ്രകടനം അത്ര മികച്ചതല്ല. നിയമസഭയിൽ നന്നായി ചർച്ചകളിൽ പങ്കെടുക്കും. കൃത്യമായി ഇടപെടും. അദ്ദേഹത്തെ കേരളത്തിനാണ് കൂടുതൽ ആവശ്യമെന്ന് തോന്നുന്നു. ഈ നിലയ്ക്ക് അദ്ദേഹത്തെ പാർലമെന്റിലേക്ക് പറഞ്ഞയക്കുന്നതിനേക്കാൾ ഉചിതം കേരളരാഷ്ട്രീയത്തിൽ തന്നെ നിറുത്തുകയെന്നതാണ്. മലപ്പുറത്തിന്റെ രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിൽ പത്ത് പഞ്ചായത്തുകൾ പോലും ഭരിക്കാതിരുന്ന ഇടതുപക്ഷം ഇന്ന് 35ലധികം പഞ്ചായത്തുകൾ ഭരിക്കുന്നു.
മണ്ഡലത്തിൽ പകുതിയിലധികം സ്ത്രീ വോട്ടർമാരാണ്. ഇവർ എങ്ങനെ തുണയ്ക്കുമെന്നാണ് കണക്കുകൂട്ടൽ
മഞ്ചേരിയിൽ ടി.കെ. ഹംസ വിജയിക്കുന്ന സമയത്ത് വോട്ടർമാരിൽ നല്ലൊരു പങ്കും സ്ത്രീകളായിരുന്നു. 2006ൽ ജില്ലയിൽ അഞ്ച് സീറ്റുകളിൽ ഇടതുപക്ഷം വിജയിച്ച സമയത്തും സ്ത്രീകൾ മാറി വോട്ടുചെയ്തു. സ്ത്രീകൾക്കായി കൃത്യമായ നിലപാടെടുക്കുന്നത് ആരാണെന്ന് അവർ വിലയിരുത്തുന്നുണ്ട്. ശബരിമല വിഷയത്തെ സ്ത്രീകളുടെ സമത്വവുമായി ബന്ധപ്പെട്ടാണ് ഇടതുപക്ഷം കണ്ടത്. മുസ്‌ലിം സ്ത്രീകൾ വലിയ തോതിൽ വനിതാമതിലിന്റെ ഭാഗമായി. മുൻകാലങ്ങളിൽ ചിലർ പറഞ്ഞിരുന്നത് പോലെ പുറത്തിറങ്ങാത്തവരോ ചിന്തിക്കാത്തവരോ ഇന്നാട്ടിൽ എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കാത്തവരോ അല്ല ജില്ലയിലെ സ്ത്രീകൾ. പ്രളയമുൾപ്പെടെയുള്ള സമയത്ത് സർക്കാരിന്റെ പ്രവർത്തനങ്ങൾ കൃത്യമായി കാണുകയും ഗുണഫലങ്ങൾ പലരൂപത്തിൽ കിട്ടിയവരുമാണ്. ഏതെങ്കിലും പ്രത്യേക ചിഹ്നത്തോട് മമതയുള്ളവരല്ല അവർ.
എന്തെല്ലാം വികസന പ്രശ്നങ്ങളാവും പ്രചാരണത്തിൽ ഉന്നയിക്കുക
ജില്ലയിൽ കൂടുതൽ കാലം പഞ്ചായത്ത് തലം തൊട്ട് എം.പി സ്ഥാനങ്ങൾ വരെ വഹിച്ചത് ലീഗാണ്. എന്നാൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അവർക്കായില്ല. ഗെയിൽ പദ്ധതിക്കെതിരെ വലിയ എതിർപ്പുകളും ഏറ്റെടുക്കുന്ന സ്ഥലത്തിന് കൃത്യമായ പണം കിട്ടിമോയെന്നുള്ള ആശങ്കകളുമുണ്ടായി. ഇടതുസർക്കാർ വന്നപ്പോൾ ജനങ്ങളുമായി നിരന്തരം സംവദിക്കുകയും കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കുകയും ചെയ്തു. വർഷങ്ങളായി മുടന്തിനീങ്ങിയ ഈ പദ്ധതി കമ്മിഷൻ ചെയ്യാനിരിക്കുകയാണ്. ദേശീയപാത വികസന ഭൂമിയേറ്റെടുക്കലിലും കൃത്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയതോടെ ജനങ്ങൾ ഭൂമി വിട്ടുനൽകാൻ തയ്യാറായി. മലയോര ഹൈവേ, തീരദേശ ഹൈവേ എന്നിവയിലും സമാനമായ മാറ്റങ്ങളുണ്ടാക്കാനായി. 2006ൽ വിവിധ നിയോജകമണ്ഡലങ്ങളിൽ ഇടതുപക്ഷം വിജയിച്ച സമയത്താണ് വികസനത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാനായത്. ജനറലാശുപത്രിയെന്ന ബോർഡ് മാറ്റി മഞ്ചേരി മെഡിക്കൽ കോളേജെന്ന് വയ്ക്കുകയല്ലാതെ മറ്റൊന്നും യു.ഡി.എഫ് ചെയ്തില്ല. ഇടതുപക്ഷം കിഫ്‌ബി വഴി വലിയതോതിൽ ഫണ്ട് അനുവദിച്ച് സൗകര്യങ്ങൾ ഒരുക്കുകയാണ്. യു.ഡി.എഫ് അനുവദിച്ച സർക്കാർ കോളേജുകൾ വാടകക്കെട്ടിടങ്ങളിലാണ് പ്രവർത്തിച്ചിരുന്നത്. ഇവയ്ക്കെല്ലാം സ്വന്തം കെട്ടിടം നിർമ്മിക്കാൻ ഫണ്ടനുവദിച്ചു. പിന്നാക്ക ജില്ലയെന്ന് ഇപ്പോഴും പറയുന്നുണ്ടെങ്കിൽ അതിൽ നിന്നുള്ള പഴിയിൽ നിന്ന് ഒഴിഞ്ഞുമാറാൻ ലീഗിന് കഴിയില്ല.
വികസനമാവുമോ ഫാസിസമാവുമോ കൂടുതൽ ചർച്ചയാവുക
രണ്ടും ചർച്ചയാവും. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഫാസിസമാണ്. കേരളം വിട്ട് മറ്റു സംസ്ഥാനങ്ങളിലേക്ക് പോയാൽ ഇതിന്റെ തീവ്രത മനസ്സിലാവും. ദളിതനായ ബി.ജെ.പി എം.പിയെ പോലും ആർ.എസ്.എസുകാർ അക്രമിച്ച സംഭവമുണ്ടായി. പശുവിന്റെ പേരിൽ ഏതുനിമിഷവും ആരും കൊല്ലപ്പെട്ടേക്കാം. ഇത്തരത്തിൽ വലിയ നിലയിൽ വേട്ടയാടപ്പെടുന്ന ജനങ്ങൾക്ക് വേണ്ടിയുള്ള തിരഞ്ഞെടുപ്പാവുമിത്. ഡൽഹി ജുമാമസ്ജിദ് പരിസരത്തെത്തിയാൽ ആർക്കും രാജ്യതലസ്ഥാനത്തുള്ള ജനങ്ങളുടെ ദയനീയാവസ്ഥ ബോദ്ധ്യപ്പെടും. പല ഹോട്ടലുകളിലും ആളുകൾ നിലത്ത് നിരന്നിരിക്കുന്നത് കാണാം. നമ്മളാരെങ്കിലും കടക്കാരന് നൂറ് രൂപ കൊടുത്താൽ അഞ്ചോ ആറോ പേർക്ക് അയാൾ ഭക്ഷണം കൊടുക്കും. ഒരുറൊട്ടിയോ അൽപ്പം ചോറോ ആവുമിത്. ഇത്തരത്തിൽ ദളിതരും ന്യൂനപക്ഷങ്ങളും വലിയ തോതിൽ പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതോടൊപ്പം സംസ്ഥാന സർക്കാരിന്റെ വികസന നേട്ടങ്ങളും മണ്ഡലവുമായി ബന്ധപ്പെട്ട വികസനപ്രശ്നങ്ങളുംചർച്ചയാവും.
ലോക്‌സഭ തിരഞ്ഞെടുപ്പ് കോൺഗ്രസും ബി.ജെ.പിയും തമ്മിലാണെന്നാണ് മലപ്പുറത്തടക്കം യു.ഡി.എഫ് പ്രചാരണം
ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാർലമെന്റ് മണ്ഡലങ്ങളുള്ള യു.പിയിൽ രണ്ട് സീറ്റുകളിൽ അപ്പുറത്തേക്ക് കോൺഗ്രസ് മത്സരിക്കുന്നില്ല. 20 മണ്ഡലങ്ങളുള്ള കേരളത്തിൽ കോൺഗ്രസിന്റെ അവസ്ഥയെന്താണെന്ന് എല്ലാവർക്കുമറിയാം. വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസ് മത്സരിക്കുന്ന മണ്ഡലങ്ങളുടെ എണ്ണം മാത്രമെടുത്താൽ പാർലമെന്റിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാവില്ല. പിന്നെയെങ്ങനെ കോൺഗ്രസും ബി.ജെ.പിയും തമ്മിലാണ് മത്സരമെന്ന് പറയാനാവും. യു.പിയിലെ ഇപ്പോഴത്തെ ബി.ജെ.പി നേതാക്കളെയെടുത്താൽ അതിൽ മൂന്നിൽരണ്ടും കോൺഗ്രസുകാരാണ്. എപ്പോഴാണ് ഒരു കോൺഗ്രസുകാരൻ ബി.ജെ.പിയാവുകയെന്നത് പറയാൻ പറ്റില്ല. മദ്ധ്യപ്രദേശിൽ അധികാരത്തിൽ വന്ന കമൽനാഥ് സർക്കാർ പശുക്കടത്ത് ആരോപിച്ച് രാജ്യദ്രോഹക്കുറ്റം ചുമത്തി. കോൺഗ്രസ് നേതാവ് പറയുന്നു, 17 സംസ്ഥാനങ്ങളിൽ തങ്ങളാണ് ഗോവധം നിരോധിച്ചതെന്ന്. അധികാരത്തിൽ വന്നാൽ രാമക്ഷേത്രം പണിയുമെന്നും ബി.ജെ.പിക്ക് ഈ ലക്ഷ്യമില്ലെന്നും കോൺഗ്രസ് വക്താവ് തന്നെ പറയുന്നു. ഇതുവരെ രാഹുൽഗാന്ധിയോ മറ്റേതെങ്കിലും നേതാവോ ഇതിനെ തള്ളിപ്പറഞ്ഞിട്ടില്ല. ഹിന്ദുത്വ അജൻഡയാണ് കോൺഗ്രസ് മുന്നോട്ടുവയ്ക്കുന്നത്. തീവ്രഹിന്ദുത്വ അജൻഡയ്ക്ക് മൃദുഹിന്ദുത്വ അജൻഡ പരിഹാരമല്ല. ഈ നിലയിൽ ബി.ജെ.പിക്ക് ഒരിക്കലും കോൺഗ്രസ് ബദലല്ല.
കേരളത്തിൽ മാത്രമാണ് സി.പി.എം അധികാരത്തിലുള്ളത്. ബി.ജെ.പിക്കെതിരെ ഒരുബദൽ എങ്ങനെ സാദ്ധ്യമാവും
പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷമുണ്ടായിരുന്ന കോൺഗ്രസിന് ഈ പാർലമെന്റിൽ അംഗസംഖ്യ 44 ആണ്. 2004ൽ ലോക്‌സഭയിൽ സി.പി.എമ്മിന് 44 പേരും ഇടതുപക്ഷത്തിനാകെ 64 പേരും ഉണ്ടായിരുന്നു. അടുത്തിടെ ചില സംസ്ഥാനങ്ങളിൽ ബി.ജെ.പിയും കോൺഗ്രസും നേരിട്ട് മത്സരിച്ച മണ്ഡലങ്ങളിൽ അവർ ജയിച്ചു. ഇവിടങ്ങളിൽ മറ്റൊരു ബദലുണ്ടായിരുന്നെങ്കിൽ കോൺഗ്രസ് ജയിക്കില്ല. തെലുങ്കാനയിൽ ടി.ആർ.എസും മിസോറാമിൽ പ്രാദേശികകക്ഷികളും ജയിക്കുന്ന അവസ്ഥയുണ്ടായത്. കത്‌വ പെൺകുട്ടിക്ക് നേരെ നടന്ന മൃഗീയപീഡനം നിയമസഭയിൽ തുടർച്ചയായി അവതരിപ്പിച്ച് കുറ്റവാളികളെ പുറത്തുകൊണ്ടുവന്നത് പുൽഗാമിൽ നിന്നുള്ള സി.പി.എമ്മിന്റെ എം.എൽ.എയാണ്. മോദി അധികാരത്തിൽ വരാൻ കഴിയുന്ന സാഹചര്യം തടയാൻ എന്തെല്ലാം ചെയ്യാൻ കഴിയുമോ അതിന്റെ പരമാവധി ഇടതുപക്ഷം ചെയ്യും. ഈ ഉറപ്പ് കോൺഗ്രസിന് പറയാനാവില്ല
മുത്തലാഖ് അടക്കമുള്ള വിഷയങ്ങൾ മണ്ഡലത്തിൽ ചർച്ചയാവുമോ?
മുത്തലാഖ് ക്രിമിനൽ കുറ്റമാക്കാൻ പാടില്ലെന്നാണ് ഇടതുപക്ഷം മുന്നോട്ടുവച്ച നയം.ഏതു മതത്തിലും വിവാഹമോചനത്തിനുള്ള സാദ്ധ്യതകളുണ്ട്. ഇസ്‌ലാം മതത്തിൽ മാത്രം വിവാഹമോചനം കുറ്റകരമാക്കുന്നത് അംഗീകരിക്കാനാവില്ല. മൂന്നുതവണ ത്വലാഖ് ചൊല്ലി വിവാഹബന്ധം വേർപ്പെടുത്തുന്ന ഏർപ്പാട് നിറുത്തലാക്കേണ്ടതാണെന്നാണ് ഇടതുപക്ഷത്തിന്റെ നിലപാട്. പക്ഷെ, ഒരാൾ ഭാര്യയെ മൊഴി ചൊല്ലിയാൽ ജയിലിലടക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നതും ജയിലിൽ കിടക്കുന്നയാൾ സ്ത്രീക്ക് ജീവനാംശം കൊടുക്കണമെന്നുമുള്ള നിയമത്തെയാണ് ഇടതുപക്ഷം ചോദ്യം ചെയ്യുന്നത്. ഇതിനെ ഇടതുപക്ഷ എം.പിമാർ ചോദ്യം ചെയ്തപ്പോൾ കുഞ്ഞാലിക്കുട്ടി പാർലമെന്റിൽ പോലും ഉണ്ടായിരുന്നില്ല. ഇതെല്ലാം വോട്ടർമാർ വിലയിരുത്തും.
മലപ്പുറം പരമ്പരാഗത ലീഗ് മണ്ഡലമായാണ് അറിയപ്പെടുന്നത്. വിജയസാദ്ധ്യതയുള്ള സീറ്റുകളിൽ യുവാക്കളെ പരിഗണിക്കാത്തത് എന്തുകൊണ്ടാണ്
എല്ലാകാലത്തും യുവാക്കളെ കൃതൃമായി പരിഗണിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട സിറ്റിംഗ് സീറ്റുകളിൽ ഉൾപ്പെടെ യുവാക്കളെ മത്സരിപ്പിച്ചിട്ടുണ്ട്. ഇത്തവണ നിലവിലുള്ള സിറ്റിംഗ് എം.പിമാരിൽ ഒരാളൊഴികെ മറ്റെല്ലാവരും മത്സരിക്കുന്നതിനാലാണ് സിറ്റിംഗ് സീറ്റിലേക്ക് യുവാക്കളെ പരിഗണിക്കാതിരുന്നത്. മലപ്പുറത്ത് തികഞ്ഞ വിജയപ്രതീക്ഷയിലാണ്.