kudumbashree
ആനക്കയത്തെ കുടുംബശ്രീ സി.ഡി.എസിന്റെ 'സ്‌നേഹനിധി'യിൽ നിന്നും ആദ്യസഹായം പി. ഉബൈദുള്ള എം.എൽ.എ. വിതരണം ചെയ്യുന്നു

ആനക്കയം: ഗ്രാമപ്പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ്., അഗതികളേയും അശരണരേയും സഹായക്കാൻ പുതിയ മാർഗം കണ്ടെത്തിയിരിക്കുകയാണ്. പഞ്ചായത്തിലെ മുഴുവൻ കുടുംബശ്രീ അംഗങ്ങളിൽ നിന്നും മാസത്തിൽ ഒരുതവണ രണ്ട് രൂപ വീതം സമാഹരിച്ചാണ് ഈ 'സ്‌നേഹനിധി'യൊരുക്കുന്നത്. വർഷങ്ങളായ നട്ടല്ലിന് ക്ഷതമേറ്റ് പാടെകിടപ്പിലായ ചിറ്റത്തുപാറ വാർഡിലെ അഷ്‌റഫിന്റെ വീട് നിർമാണം പൂർത്തീകരിക്കുന്നതിനുള്ള ധന സഹായം വിതരണം ചെയ്ത് പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉദ്ഘാടനം പി. ഉബൈദുള്ള എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.ടി. സുനീറ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ഉമ്മർ അറക്കൽ, കുടുംബശ്രീ ജില്ലാ മിഷൻ അസി. കോഓർഡിനേറ്റർ വിനോദ്, സി.ഡി.എസ്. ചെയർപെഴ്‌സൻ മൈമൂന മച്ചിങ്ങൽ, മെമ്പർ സെക്രട്ടറി അനീഷ്, ജസ്‌ന പാലക്കൽ സംസാരിച്ചു.