താനൂർ: തീരദേശ ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ നിർവ്വഹിച്ചു. പടിഞ്ഞാറേക്കര ഉണ്യാൽ തീരദേശപാതയുടെ പ്രവൃത്തി ഉദ്ഘാടനമാണ് മന്ത്രി വീഡയോ കോൺഫറൻസിങ്ങിലൂടെ നിർവ്വഹിച്ചത്.
കൂട്ടായി എസ്.എച്ച്.എം യു.പി സ്കൂളിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസവകുപ്പ് മന്ത്രി ഡോ.കെ.ടി ജലീൽ അധ്യക്ഷത വഹിച്ചു. മുമ്പൊരു സർക്കാരിനും തുടങ്ങിവെക്കാൻ പോലും സാധിക്കാതെ പോയ പദ്ധതിയാണ് ഈ സർക്കാർ നടപ്പിലാക്കാൻ പോകുന്നതെന്ന് ഉദ്ഘാടനം നിർവ്വഹിച്ച മന്ത്രി ജി. സുധാകരൻ പറഞ്ഞു. തീരദേശപാതയുടെ സംസ്ഥാനത്തെ തന്നെ ആദ്യ പ്രവൃത്തി ഉദ്ഘാടനമാണ് ജില്ലയിൽ നടക്കുന്നതെന്നും ഇത് ചരിത്ര മുഹൂർത്തമാണെന്നും മന്ത്രി കൂട്ടച്ചേർത്തു.
പടിഞ്ഞാറേക്കരയിലെ ടൂറിസം സാധ്യതകൾക്ക് ആക്കം കൂട്ടാൻ പുതിയ പാത വരുന്നതോടെ സാധ്യമാകുമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മന്ത്രി കെ.ടി ജലീൽ പറഞ്ഞു. സർക്കാർ എന്തെങ്കിലും പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിൽ അത് പൂർത്തിയാക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. സഞ്ചാരികളെ ആകർഷിക്കുന്നതിനായി പടിഞ്ഞാറേക്കര ബീച്ചിൽ സൂര്യാസ്തമയ മുനമ്പ് എന്ന പുതിയ പദ്ധതിക്ക് രൂപ രേഖ തയ്യാറാക്കിയതായി പറഞ്ഞ മന്ത്രി ജങ്കാർ സർവ്വീസ് പുനരാരംഭിച്ച കാര്യവും ഓർമ്മപ്പെടുത്തി.
പഴയ ടിപ്പു സുൽത്താൻ റോഡായ പടിഞ്ഞാറേക്കര മുതൽ ഉണ്യാൽ വരെയുള്ള 15 കിലോമീറ്റർ തീരദേശ പാതയിൽ വാഹന ഗതാഗതത്തിന് പുറമെ സൈക്കിൾ യാത്രികർക്കും കാൽ നടയാത്രക്കാർക്കായി പ്രത്യേക നടപ്പാതയും ഉൾപ്പടെ 14 മീറ്ററാണ് വീതി. തവനൂർ, തിരൂർ, താനൂർ മണ്ഡലങ്ങളിലുള്ളവർക്ക് ഏറെ ഗുണകരരമാകുന്ന പദ്ധതി 18 മാസങ്ങൾക്കകം പണി പൂർത്തീകരിക്കും.
തീരദേശ ഹൈവേയിൽ ഉൾപ്പെടുത്തി കിഫ്ബി വഴി 52.78 കോടി രൂപയുടെ ഭരണാനുമതിയും സാങ്കേതികാനുമതിയും പദ്ധതിക്ക് ലഭിച്ചിട്ടുണ്ട്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങൾ റോഡ് സുരക്ഷാ ക്രമീകരണങ്ങൾ, ഓവുപാലങ്ങൾ, ഓടകൾ, സംരക്ഷണഭിത്തികൾ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിരവധി പാലങ്ങളും മേൽപ്പാലങ്ങളും ഉൾപ്പടെയുള്ള തീരദേശ പാതയുടെ മൊത്തം നിർമ്മാണത്തിനായി 6500 കോടി രൂപയാണ് സർക്കാർ ബജറ്റിൽ വകയിരുത്തിയിട്ടുള്ളത്. തീരദേശപാതയിലുടനീളം സൈക്കിൾ, കാൽനടയാത്രികർക്കായി പ്രത്യേകം വഴിയൊരുക്കുന്നുണ്ടെന്നത് പാതയുടെ ടൂറിസം സാധ്യകൾക്ക് നിറം പകരും.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് മെമ്പർ അനിത കഷോർ, മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ മജീദ്, വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി മെഹറുന്നിസ, നിറമരുതൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി സിദ്ധീഖ്, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗം കൂട്ടായി ബഷീർ, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. പി. നസറുള്ള, മംഗലം ഗ്രാമപഞ്ചായത്ത് മെമ്പർ എം. ഷിജു, മത്സ്യഫെഡ് ഡയറക്ടർ കെ.വി.എം ഹനീഫ മാസ്റ്റർ, സി.എം പുരുഷോത്തമൻ മാസ്റ്റർ, ആർ. മുഹമ്മദ് ഷാ, കെ.ആർ.എഫ്.ബി ചീഫ് എഞ്ചിനീയർ വി.വി ബിനു, പൊതുമരാമത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. മുഹമ്മദ് ഇസ്മയിൽ, അസിസ്റ്റന്റ് എഞ്ചിനീയർ ഗോപൻ മുക്കോലത്ത് എന്നിവർ പങ്കെടുത്തു.