നിലമ്പൂർ: പ്രളയത്തിൽ വീടു തകർന്ന അനന്യയ്ക്ക് മാസങ്ങൾക്കുള്ളിൽ പുതിയ വീടൊരുക്കി സന്നദ്ധ സംഘടന. കുറ്റിപ്പുറം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആക്ട് ഓൺ സംഘടനയാണ് പൊതുപങ്കാളിത്തത്തോടെ വീട്ടിക്കുത്ത് ജി.എൽ.പി സ്കൂളിലെ വിദ്യാർത്ഥിനിക്കായി മനോഹരമായ വീടൊരുക്കിയത്. ആക്ട് ഓൺ നിലമ്പൂരിൽ ഇത്തരം വീടൊരുക്കി നൽകാൻ നിമിത്തമായത് സ്കൂളിലെ തന്നെ അദ്ധ്യാപികയായ നിമ്മി ടീച്ചറാണ്. സ്കൂളിലെ വിദ്യാർത്ഥികളിലധികവും കഴിഞ്ഞ പ്രളയവുമായി ബന്ധപ്പെട്ട് ഏറെ ബുദ്ധിമുട്ടനുഭവിച്ചിരുന്നു. അനന്യയുടെ വീടും പൂർണ്ണമായി തകർന്നു.
ഇക്കാര്യങ്ങളും നിമ്മി ടീച്ചറുടെ നേതൃത്വത്തിൽ അദ്ധ്യാപകർ ചർച്ച നടത്തിയിരുന്നു. പിന്നീട് പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ അസ്ഥിരോഗവിഭാഗത്തിലെ ചികിത്സ തേടിയ സമയത്ത് നിമ്മി ടീച്ചർ സാന്ദർഭികമായി ഡോക്ടർമാരോട് പറഞ്ഞതാണ് ആക്ട് ഓൺ സംഘടന ഇടപെടാൻ കാരണമായത്. ഡോക്ടർമാർ ഉൾപ്പെടെ നിരവധി പേർ അടങ്ങുന്ന കൂട്ടായ്മയാണ് ആക്ട് ഓൺ. പ്രളയകാലത്തിനു ശേഷം സർക്കാരിന്റെ പുനരധിവാസ പ്രവർത്തനങ്ങളുമായി ചേർന്ന് കൂട്ടായ്മ സഹകരിച്ചു വരുന്നു. സംസ്ഥാനത്തു തന്നെ വിവിധയിടങ്ങളിലായി 42 വീടുകളാണ് ഇവർ നിർമ്മിച്ചു നൽകുന്നത്. ഇതിൽ 6 എണ്ണം പൂർത്തിയാക്കി കൈമാറിക്കഴിഞ്ഞു. ഇത്തരത്തിൽ 300 വീടുകൾ നിർമ്മിച്ചു നൽകുകയാണ് ഇവരുടെ ലക്ഷ്യം. കുറഞ്ഞ ചെലവിൽ മനോഹരമായി ഡിസൈൻ ചെയ്ത വീടുകളാണ് പ്രാദേശിക എഞ്ചിനീയർമാരുടെ സഹകരണത്തോടെ നിർമ്മിച്ചു നൽകുന്നത്. അനന്യക്കായി നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാന ദിവസം വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഭക്ഷണവും ഒരുക്കിയിരുന്നു.
ആഘോഷമാക്കാൻ ഗസൽ ഗാനങ്ങളും അകമ്പടിയായി. ആക്ട് ഓൺ പ്രതിനിധികളായ ഡോ.എൻ.എം.മുജീബ്, നജീബ് കുറ്റിപ്പുറം തുടങ്ങിയവരും നിമ്മി ടീച്ചറുടെ ഭർത്താവും ഡി.വൈ.എസ്.പിയുമായ എം.പി.മോഹനചന്ദ്രനും വിശിഷ്ടാതിഥികളായി. വീട്ടിക്കുത്ത് സ്കൂളിലെ അദ്ധ്യാപകരും സ്കൂൾ ഭാരവാഹികളും സമീപവാസികളും ഒത്തു ചേർന്നു.