തിരൂരങ്ങാടി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ മതേതരത്വത്തെ സംരക്ഷിക്കുന്നതിനുള്ള അവസാന തിരഞ്ഞെടുപ്പാണെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു. എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വെന്നിയൂർ പരപ്പൻ സ്ക്വയറിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യം വലിയ അപകടത്തിലേക്കാണ് നീങ്ങുന്നത്. രാജ്യത്തിന്റെ മതേതരത്വവും സംസ്കാരവും പൈതൃകവും കശാപ് ചെയ്ത് കൊണ്ടാണ് ഫാസിസ്റ്റ് സർക്കാർ മുന്നോട്ട് പോകുന്നത്. ഭരണ ഘടനവരെ മാറ്റി എഴുതുന്നതിലേക്ക് കാര്യങ്ങളെത്തി നിൽക്കുകയാണ്. ഇനി ഒരു തുടർച്ച ഫാസിസത്തിന് നൽകിയാൽ രാജ്യത്ത് ജനാധിപത്യം തന്നെ ഇല്ലാതാകും. ജനാധിപത്യത്തെ കശാപ് ചെയ്യുന്ന ഫാസിസത്തിനെതിരെ പ്രതികരിക്കാൻ ലഭിക്കുന്ന ഏറ്റവും നല്ല അവസരമാണ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പ്.കേരളത്തിൽ പാവപ്പെട്ട യുവാക്കളെ കൊന്നൊടുക്കുന്ന പാർട്ടിക്കെതിരെയും ജനദ്രോഹ നയങ്ങളുമായിമുന്നോട്ട് പോകുന്ന ഇടത് സർക്കാറിനെതിരെ ശക്തമായ വിധിയെഴുത്താകണം തിരഞ്ഞെടുപ്പ്. എം.പിയായ സമയത്ത് എന്നെ ഏൽപ്പിച്ച ഉത്തരവാദിത്യം കൃത്യമായി ചെയതുവെന്നാണ് ഞാൻ കരുതുന്നത്. ലോക്സഭയിലെ എല്ലാ ചർച്ചകളിലും മറ്റും പങ്കെടുത്തു സംസാരിച്ചു. ദേശീയ തലത്തിൽ ന്യൂനപക്ഷം നേരിടുന്ന വെല്ലുവിളികൾക്കും അക്രമങ്ങൾക്കുമെതിരെ ശക്തമായി പോരാടാൻ സാധിച്ചു. അതോടപ്പം തന്നെ മണ്ഡലത്തിലെ വികസനത്തിന് മികച്ച പരിഗണന നൽകിയിട്ടുണ്ട്. എല്ലാ രീതിയിലും മണ്ഡലത്തെ വികസനത്തിലേക്ക് എത്തിക്കുന്നതിന് ശ്രമിച്ചിട്ടുണ്ടെന്നും ഇ.ടി പറഞ്ഞു. നാസർ കെ തെന്നല അദ്ധ്യക്ഷത വഹിച്ചു. ഇ.ടിയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് പരിപാടിയായിരുന്നു ഇത് . കെ.പി.സി സെക്രട്ടറി വി.എ കരീം, ബാബു മോഹന കുറുപ്പ്, ഒ.രാജൻ, കാവുങ്ങൽ കുഞ്ഞിമരക്കാർ, സി.എച്ച് മഹ്മൂദ് , ആസാദ് ചെങ്ങലച്ചോല, പി.സി നൂറു, സുധീഷ് പള്ളിപ്പുറത്ത്, ബഷീർ എടരിക്കോട്, അക്ബർ വരിക്കോട്ടിൽ, അബ്ദുൽ റസാഖ്, ഷാജു പെരുമണ്ണ, ബുഷ്റു, ഷാജഹാൻ, ഖാദർ പെരുങ്കോടൻ, കെ.കെ നാസർ, വി.ടി രാധാകൃഷ്ണൻ, വി.പി ഭാസ്കരൻ പ്രസംഗിച്ചു.