പെരിന്തൽമണ്ണ: മഹത്തായ ഭാരതീയ ചിന്ത ആത്മീയഭാവം നിലനിർത്തികൊണ്ട് ലളിതമായ കവിതകളിൽ നിറച്ചുവെച്ച വിശ്വമഹാകവിയാണ് പൂന്താനമെന്നും, മനസ്സിന്റെ ആർദ്രഭാവങ്ങൾ നമുക്ക് മനസ്സിലാക്കിത്തരുന്ന മഹത്തായ കൃതിയാണ് ജ്ഞാനപ്പാനയെന്നും സാഹിത്യകാരനായ മുണ്ടൂർ സേതുമാധവൻ പറഞ്ഞു. പൂന്താനം സാഹിത്യോത്സവത്തിന്റെ ഭാഗമായി അങ്ങാടിപ്പുറത്ത് നടന്ന സാംസ്കാരിക സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സിനിമാ സംവിധായകനും നിർമാതാവുമായ സമദ് മങ്കട അധ്യക്ഷത വഹിച്ചു.
കാളിദാസ് പുതുമന, കാ.ഭാ .സുരേന്ദ്രൻ, ഫാദർ രാജു ജോർജ് തോട്ടത്തിൽ, രവീന്ദ്രനാഥൻ കരുവാരകുണ്ട്, രാമചന്ദ്രൻ പാണ്ടിക്കാട്, എ.വിനോദ് എന്നിവർ പ്രസംഗിച്ചു. ഉച്ചക്ക് ശേഷം നടന്ന ഭക്തികലസാഹിത്യം സെമിനാർ സാഹിത്യ നിരൂപകനായ ബി രാജാനന്ദ് ഉദ്ഘാടനം ചെയ്തു. ഡോ.ലക്ഷ്മി ശങ്കർ, ഡോ. എം.പി വിജയകൃഷ്ണൻ, ഡോ.സുഷമ ബിന്ദു, ഡോ.ബാബു മുണ്ടേക്കാട്ട്, എം.വി കിഷോർ പ്രസംഗിച്ചു.