പൊന്നാനി: തിരഞ്ഞെടുപ്പ് ചിത്രം ഏതാണ്ട് തെളിഞ്ഞ പൊന്നാനി ലോക്സഭ മണ്ഡലത്തിൽ സൈബർ പ്രചാരണത്തിന് ശക്തിയേറി. മുഖ്യ എതിരാളികളായ എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് മിനിറ്റുകൾക്കകം വ്യത്യസ്തങ്ങളായ പ്രചാരണ രീതികൾ സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു. ബഹു വർണ്ണ പോസ്റ്ററുകളും ഹ്രസ്വ വീഡിയോകളും സ്ഥാനാർത്ഥികളുടെ വിവിധ പോസുകളിലുള്ള ഫോട്ടോകളും ഉൾപ്പെടെ സമൂഹമാദ്ധ്യമ ചുമരുകളിൽ നിറഞ്ഞിട്ടുണ്ട്.
സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട ആദ്യ പ്രതികരണവും പ്രഖ്യാപനം നടന്നയുടനെ സമൂഹമാദ്ധ്യമങ്ങളിലെത്തി.സ്ഥാനാർത്ഥികളുടെ ഫേസ് ബുക്ക് പേജുകൾ വീണ്ടും സജീവമായി. വിപുലമായ സൈബർ ടീമാണ് ഓരോ സ്ഥാനാർത്ഥിക്കു കീഴിലും അണിനിരക്കുന്നത്. ട്രോളുകളുടെ പെരുമഴയും പെയ്യിക്കുന്നുണ്ട്. ഓൺലൈൻ പോർട്ടലുകളും സജീവമാണ്.
പാർട്ടി പത്രം വായിച്ചിരിക്കുന്ന ചിത്രത്തോടു കൂടിയ പോസ്റ്ററാണ് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറിന്റേതായി ആദ്യം പുറത്തിറങ്ങിയത്. ജുബ്ബയും പൈജാമയുമിട്ട ഇ.ടി. മുഹമ്മദ് ബഷീറിന്റെ പോസ്റ്റർ ഒപ്പം ഇടം പിടിച്ചു. ഒരു മണിക്കൂറിനകം ഒരു ഡസനോളം പോസ്റ്ററുകളാണ് സമൂഹമാദ്ധ്യമ ചുമരുകളിൽ നിറഞ്ഞത്. ആദ്യം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച എസ്.ഡി.പി.ഐ സ്ഥാനാർത്ഥി അഡ്വ.നസീർ ചാലിയവും സൈബർ ഇടത്തിൽ സജീവമാണ്.
ഭരണഘടന കാക്കാൻ ഇ.ടി പാർലമെന്റിൽ വേണമെന്ന പ്രമേയത്തോടെ മുസ്ലിം പെൺകുട്ടി അവതരിപ്പിക്കുന്ന ഹ്രസ്വ വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു ശേഷം തിരൂരിലെത്തിയ പി.വി. അൻവറിന് ഇടതുമുന്നണി പ്രവർത്തകർ നൽകിയ സ്വീകരണത്തിന്റെ വീഡിയോയും ചിത്രങ്ങളുമാണ് ഇടത് സൈബർ ഇടങ്ങളിൽ നിറഞ്ഞു നിന്നത്.
പൊന്നാനിക്കൊരു എം.പി വേണമെന്ന സൈബർ കാമ്പയിൻ സി.പി.എം നേരത്തെ തുടങ്ങിയിരുന്നു. കഴിഞ്ഞ 40 വർഷത്തിനിടെ പൊന്നാനിയിൽ നടപ്പാക്കപ്പെട്ട ഒരു കേന്ദ്രാവിഷ്കൃത പദ്ധതിയുടെ പേര് പറയാമോ എന്നതായിരുന്നു സമൂഹമാദ്ധ്യമ ചുമരുകളിൽ ഇടതുപക്ഷം പ്രധാനമായി ഉന്നയിച്ച ചോദ്യം. പ്രളയ സമയത്ത് ഇ.ടി. മുഹമ്മദ് ബഷീർ വിദേശയാത്രയിലായിരുന്നതും പാർട്ടി ആവശ്യപ്പെട്ടിട്ടും പി.കെ. കുഞ്ഞാലിക്കുട്ടി പൊന്നാനിയിൽ മത്സരിക്കാൻ തയ്യാറാകാഞ്ഞത് പരാജയം മുന്നിൽ കണ്ടാണെന്നുമുള്ള വിമർശനങ്ങൾ സൈബർ ഇടത്തെ ഇടത് പോരാളികൾ ഉയർത്തുന്നു
പി.വി. അൻവറിന്റെ സ്ഥാനാർത്ഥിത്വം ഉറപ്പായതോടെ പൊന്നാനി സീറ്റിൽ ലേലമുറപ്പിച്ചു എന്ന തലക്കെട്ടാണ് യു.ഡി.എഫ് പോസ്റ്റുകളായി നിറഞ്ഞത്. അൻവറിന്റെ കച്ചവടവും പണവും ചേർത്തായിരുന്നു യു.ഡി.എഫ് പോരാളികളുടെ വിമർശനം. പൊന്നാനി കടപ്പുറത്ത് അമ്യൂസ്മെന്റ് പാർക്ക് നിർമ്മിക്കുമെന്നായിരുന്നു പരിഹാസം.അൻവറിനെതിരായ വിവാദങ്ങളും സൈബർ ഇടങ്ങളിൽ നിറഞ്ഞു.
പ്രചാരണത്തിന്റെ കരുത്ത് സമൂഹമാദ്ധ്യമങ്ങളിലേക്ക് മാറുന്നതിനായിരിക്കും 17ാം ലോക്സഭ തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിക്കുക. വോട്ടർമാരെ സ്വാധീനിക്കാവുന്ന തരത്തിലുള്ള വേറിട്ട പ്രചാരണ തന്ത്രങ്ങളാണ് സമൂഹമാദ്ധ്യമങ്ങൾക്കായി പിന്നാമ്പുറങ്ങളിൽ ഒരുങ്ങുന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴിയുള്ള പ്രചാരണത്തിന് ലോക്കൽ കമ്മിറ്റികൾ കേന്ദ്രീകരിച്ച് പ്രത്യേക സമിതികൾക്ക് സി.പി.എം രൂപം നൽകുകയും ഇവർക്കുള്ള പരിശീലനം നേരത്തെ പൂർത്തിയാക്കുകയും ചെയ്തിരുന്നു.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഹ്രസ്വ വീഡിയോകളാണ് ബി.ജെ പി തയ്യാറാക്കുന്നത്.ട്രോളുകൾ വഴിയുള്ള പ്രചാരണത്തിനാണ് യു.ഡി.എഫ് പ്രാമുഖ്യം നൽകുന്നത്.