പരപ്പനങ്ങാടി : നിരവധി അനിശ്ചിതത്വങ്ങൾക്കൊടുവിൽ പരപ്പനങ്ങാടി ടൗണിലെ നാടുകാണി പാത റോഡ് നിർമ്മാണം പൂർത്തിയാവുന്നു. പരപ്പനങ്ങാടി-നാടുകാണി പാത നിർമ്മാണം തുടക്കമിട്ട ശേഷം ഏറ്റവുമധികം തടസ്സങ്ങൾ നേരിട്ടത് പരപ്പനങ്ങാടിയിൽ ആയിരുന്നു. ഇവയെല്ലാം അതിജീവിച്ചാണ് റോഡ് നിർമ്മാണം പൂർത്തിയാവുന്നത്.
റോഡ് കൈയേറ്റം ആരോപിച്ച് പരപ്പനങ്ങാടി മുനിസിപ്പൽ ഓഫീസിനു സമീപം സി.പി.എം പ്രവർത്തകർ റോഡ് നിർമ്മാണം തടഞ്ഞതോടെയാണ് തടസ്സങ്ങൾക്കു തുടക്കമായത്. കൈയേറ്റങ്ങൾ ഒഴിപ്പിച്ചതോടെ ഡ്രെയ്നേജ് നിർമ്മാണം നടത്തിയ ശേഷം റോഡ് പണി നടത്തിയാൽ മതി യെന്ന് പറഞ്ഞ് വീണ്ടും തടസമുണ്ടായി.ആദ്യം തടസ്സമുണ്ടായ അവസരത്തിൽ എം.എൽ.എ സർവ്വകക്ഷി യോഗം വിളിച്ച് കൈയേറ്റമുണ്ടെങ്കിൽ അത് ഒഴിപ്പിക്കാനും റീസർവേയ്ക്കു അഞ്ചംഗ സമിതിയെ നിയോഗിക്കാനും തീരുമാനമെടുത്തു. തുടർന്ന് വീണ്ടും സർവേ നടത്തുകയും കൈയേറ്റമുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങൾ മാർക്ക് ചെയ്യുകയും ചെയ്തു . പക്ഷെ, കൈയേറ്റ സ്ഥലങ്ങളിലുള്ള കെട്ടിടങ്ങളിൽ നോട്ടീസ് പതിക്കുകയല്ലാതെ കൈയേറ്റങ്ങൾ ഒഴിപ്പിക്കാൻ നടപടികളെടുത്തില്ലെന്നാരോപിച്ച്ഒരു വിഭാഗം ആളുകൾ വീണ്ടും റോഡ് നിർമ്മാണം തടഞ്ഞു.
റോഡ് നിർമ്മാണംനീണ്ടുപോവുന്നത് ഏറെ ബുദ്ധിമുട്ടിച്ചത് പ്രദേശത്തെ വ്യാപാരികളെയായിരുന്നു. റോഡ് പൊളിച്ചിട്ടത് വലിയ പൊടിശല്യത്തിനിടയാക്കി. മൂക്ക് മൂടാതെ ഇരിക്കാനാവില്ലെന്ന അവസ്ഥ അവരെ ഏറെ വലച്ചു. തുടർയായ പൊടി ശല്യം കാരണം പലർക്കും അസ്വസ്ഥതകളും നേരിട്ടു. പലപ്പോഴും റോഡ് നിർമ്മാണം തടസ്സപ്പെടുത്തുന്നവരും വ്യാപാരികളും തമ്മിൽ തർക്കങ്ങളുമുണ്ടായി.
കൈയേറ്റം ആരോപിച്ച സ്ഥലങ്ങൾ ഏറെക്കുറെ അങ്ങിനെതന്നെ കിടക്കുകയാണ്. എങ്കിലും റോഡ് നിർമ്മാണം പൂർത്തിയാവുന്നത് നാട്ടുകാർക്കും വ്യാപാരികൾക്കും ഏറെ ആശ്വാസകരമായി.
12 മീറ്ററാണ് റോഡിന്റെ വീതി .104 കിലോമീറ്ററാണ് പരപ്പനങ്ങാടി -നാടുകാണി പാതയുടെ ദൂരം. ഇവിടെ പാലത്തിങ്ങലിൽ പുതിയ പാലം നിർമ്മാണം പുരോഗമിച്ചു വരികയാണ് .ഊരാളുങ്കൽ സൊസൈറ്റിയാണ് നാടുകാണി -പരപ്പനങ്ങാടി പാതയുടെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്