മലപ്പുറം: ജലസ്രോതസ്സുകൾ മലിനമാക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ തദ്ദേശ സ്ഥാപന സെക്രട്ടറിമാർക്ക് ജില്ലാ കളക്ടർ അമിത് മീണ നിർദ്ദേശം നൽകി.
ആരോഗ്യ ജാഗ്രതാ പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർദ്ദേശം. ജലസ്രോതസ് മലിനപ്പെടുത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ നോട്ടീസ് നൽകാനും മൂന്ന് ദിവസത്തിനകം നടപടിയെടുക്കാനും കളക്ടർ നിർദേശം നൽകി.
മത്സ്യബന്ധനത്തിനായി പുഴകളിലും മറ്റു ജലസ്രോതസുകളിലും വിഷം കലർത്തുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ക്രിമിനൽ കേസെടുക്കാനും നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. ചാലിയാർ പുഴ മലിനീകരണം സംബന്ധിച്ച് പഠനം നടത്തി നടപടി സ്വീകരിക്കാൻ ഹരിത കേരളം മിഷൻ, വാട്ടർ അതോറിറ്റി എന്നിവരെ ചുമതലപ്പെടുത്തി.
മന്ത്, വെസ്റ്റ്നൈൽ എന്നീ അസുഖങ്ങൾ പരത്തുന്ന ക്യൂലക്സ് കൊതുകുകളുടെ സാന്ദ്രത നഗരസഭകളിൽ കൂടുതലാണെന്നും തടയുന്നതിനായി ഓടകളുടെ ശുചീകരണം ഉടൻ നടത്തണമെന്നും ജില്ലാ കളക്ടർ അറിയിച്ചു. ജപ്പാനീസ് എൻകഫലൈറ്റിസ്, വെസ്റ്റ് നൈൽ ഫീവർ രോഗങ്ങൾ കണ്ടു പിടിക്കുന്നതിന് മൃഗങ്ങളുടെ രക്തപരിശോധന നടത്തി റിപ്പോർട്ട് നൽകാൻ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിനും മൃഗസംരക്ഷണ വകുപ്പിനും നിർദേശം നൽകി.
ജില്ലാ മെഡിക്കൽ ഓഫീസർ കെ.സക്കീന, ഹരിത കേരളം മിഷൻ കോഡിനേറ്റർ പി രാജു, ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് ഇസ്മയിൽ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.