തിരൂർ: പാലക്കാട് റെയിൽവെ ഇന്റലിജൻസ് വിഭാഗം നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരൂർ എക്സൈസ് സംഘവും തിരൂർ ആർ.പി.എഫും ചേർന്ന് യശ്വന്ത്പൂർ മംഗലാപുരം എക്സ്പ്രസ് ട്രെയിനിൽ നടത്തിയ തെരച്ചിലിൽ നാല് കിലോഗ്രാം കഞ്ചാവ് പിടിച്ചു. കഞ്ചാവ് കൊണ്ടുവന്നിരുന്ന മൂന്നു വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. കുട്ടനാട് സ്വദേശി ജുവൽ ജോസഫ്, കോട്ടയം സ്വദേശി ടെനി മേരി ജോൺ, സുൽത്താൻ ബത്തേരി സ്വദേശി നിജിൻ എന്നിവരാണ് അറസ്റ്റിലായത്. മൂന്നു പേരിൽ നിന്നായി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ രണ്ടു കിലോ കഞ്ചാവും വലിക്കാനുള്ള ഉപകരണങ്ങളുമാണ് കണ്ടെടുത്തത്. തുടർന്ന് ഇതേ കമ്പാർട്ടുമെന്റിൽ നിന്നും രണ്ടു കിലോ കഞ്ചാവു കൂടി കണ്ടെടുത്തു. വിദ്യാർത്ഥികളിൽ ഒരാൾ എൻജിനീയറിംഗ് കഴിഞ്ഞതും മറ്റു രണ്ടു പേർ ബി.ബി.എം. കഴിഞ്ഞ് ഉപരിപഠനം നടത്തുന്നവരുമാണ്. ആർ.പി.എഫ് ഇൻസ്പെക്ടർ സനോജ്, എക്സൈസ് ഇൻസ്പെക്ടർ ബിനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡും അറസ്റ്റും.