തിരൂരങ്ങാടി: പൊന്നാനിയിലെ ഇടതു സ്വതന്ത്രൻ പി.വി.അൻവറുമായി ചർച്ച നടത്തിയെന്നാരോപിച്ച് കോൺഗ്രസ് നേതാവിനെ യൂത്ത് ലീഗ് പ്രവർത്തകർ വഴിയിൽ തടഞ്ഞു. കെ.പി.സി.സി അംഗം എം.എൻ.കുഞ്ഞഹമ്മദ് ഹാജിക്കെതിരെയാണ് വെന്നിയൂരിൽ യൂത്ത് ലീഗ്കാർ പ്രതിഷേധിച്ചത്.
വഖഫ് ബോർഡിലെ കേസ് ചർച്ച ചെയ്യാൻ ഒരു സുഹൃത്തിന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ പി.വി.അൻവർ അവിചാരിതമായി എത്തിയെന്നാണ് കുഞ്ഞഹമ്മദ് ഹാജിയുടെ വിശദീകരണം. വീട്ടുകാരോട് വോട്ട് ചോദിച്ച് അൻവർ പെട്ടെന്ന് പോയി. താൻ വീട്ടിലേക്ക് പോവുമ്പോൾ കുറച്ചുപേർ തടഞ്ഞെന്നും ഇതിൽ ലീഗിന്റെ രഹസ്യ അജൻഡയുണ്ടെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു. കോൺഗ്രസ് - മുസ്ലിംലീഗ് പോര് രൂക്ഷമായ പ്രദേശമാണ് തിരൂരങ്ങാടി.