മലപ്പുറം: പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ നിലനിൽക്കുന്ന മുന്നണി പ്രശ്നങ്ങൾക്ക് യു.ഡി.എഫ് നേതൃ യോഗത്തിൽ പരിഹാരം. മലപ്പുറം ഡി.സി.സിയിൽ നടന്ന യോഗത്തിലാണ് മുതിർന്ന നേതാക്കൾ ഇടപെട്ട് ലീഗിലെയും കോൺഗ്രസിലെയും പ്രാദേശിക പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കാനും ലോക്സഭ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയത്തിനായി പ്രവർത്തിക്കാനും ധാരണയായത്.രാവിലെ പതിനൊന്നരയോടെ ആരംഭിച്ച കൂടിയാലോചന ഉച്ചയ്ക്ക് രണ്ട് മണിവരെ നീണ്ടു.
തദ്ദേശ തിരഞ്ഞെടുപ്പിനിടെ ഉണ്ടായ പ്രശ്നങ്ങളുടെ പ്രത്യാഘാതങ്ങൾ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചിരുന്നു. യു.ഡി.എഫിന്റെ ഉറച്ച നിയമസഭ മണ്ഡലങ്ങളിൽ വലിയ ശതമാനം വോട്ടിന്റെ കുറവാണ് 2016ലെ തിരഞ്ഞെടുപ്പിൽ അനുഭവപ്പെട്ടത്. കൂടാതെ സിറ്റിംഗ് സീറ്റുകളായ നിലമ്പൂരും താനൂരും യു.ഡി.എഫിനെ കൈവിടുകയും ചെയ്തു. ഈ സാഹചര്യം മനസ്സിലാക്കിയാണ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ തന്നെ താഴെത്തട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ജില്ലാ യു.ഡി.എഫ് നേതൃത്വം പ്രാദേശിക ഘടകങ്ങളെ വിളിച്ച് ചർച്ച നടത്തിയത്.
യോഗത്തിൽ ആര്യാടൻ മുഹമ്മദ്, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൾ വഹാബ്, അഡ്വ. എൻ ഷംസുദ്ദീൻ, എ.പി. അനിൽകുമാർ, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ്, ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ്, പി.ടി. അജയ് മോഹൻ, ഇ. മുഹമ്മദ് കുഞ്ഞി, വി.എ. കരീം തുടങ്ങിയവർ പങ്കെടുത്തു.