മലപ്പുറം: തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ വോട്ട് ചെയ്യാൻ അവസരം ലഭിച്ച് കന്നിവോട്ടർമാർ. ജില്ലാ ഭരണകൂടം മലപ്പുറം കോളേജിലെ എൻ.എസ്.എസ്, എൻ.സി.സി, പൊളിറ്റിക്കൽ ക്ലബ്ബ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ തിരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയിലാണ് വിദ്യാർത്ഥികൾക്ക് വോട്ടിംഗ് മെഷീനെക്കുറിച്ച് അറിയാനും വോട്ട് ചെയ്യാനും അവസരം ലഭിച്ചത്. വി.വി പാറ്റ് സംവിധാനത്തെ കുറിച്ചും വോട്ട് ചെയ്യേണ്ട രീതി സംബന്ധിച്ചും ഉദ്യോഗസ്ഥർ വിദ്യാർത്ഥികളോട് വിശദീകരിച്ചു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്റെ സുതാര്യത സംബന്ധിച്ചും കൃത്യത സംബന്ധിച്ചുമുള്ള വിദ്യാർത്ഥികളുടെ സംശയങ്ങൾക്കും ഉദ്യോഗസ്ഥർ മറുപടി നൽകി. വോട്ടർ പട്ടികയിൽ പേരില്ലാത്തവർക്ക് ചേർക്കുന്നതിനും പരിപാടിയിൽ അവസരമൊരുക്കിയിരുന്നു.
ബോധവത്കരണ പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥിനികൾ നടത്തിയ പിങ്ക് റാലി ജില്ലാ കളക്ടർ അമിത് മീണ ഉദ്ഘാടനം ചെയ്തു. അസി. കളക്ടർ വികൽപ് ഭരദ്വജ് മുഖ്യാതിഥിയായി. മുണ്ടുപറമ്പ് ബൈപ്പാസിൽ നിന്നും ആരംഭിച്ച റാലി കോളേജിൽ സമാപിച്ചു. തുടർന്ന് നടന്ന ബോധവത്കരണ പരിപാടി ഡെപ്യൂട്ടി കളക്ടർ അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. കെഎസ് മായ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ഡോ. വി. സുലൈമാൻ, പൊളിറ്റിക്കൽ ക്ലബ്ബ് കൺവീനർ ഡോ. എസ്. ഗോപു, എൻ.എസ്.എസ് ഓഫീസർ മൊയ്തീൻകുട്ടി കല്ലറ, എൻ.സി.സി ഓഫീസർ ടി.എച്ച്. ജാഫറലി, വിദ്യാർത്ഥി യൂണിയൻ പ്രതിനിധി എം.പി. സിഫ്വ, എൻഎസ്.എസ് വാളന്റിയർ പി. അംന, വിദ്യാർത്ഥി സംഘടനാ പ്രതിനിധികളായ സഹൽ പറവത്ത്, വൈശാഖ്, അർഷദ് എന്നിവർ സംസാരിച്ചു.