മലപ്പുറം: ജില്ലയിലെ നാല് വിദ്യാഭ്യാസ ജില്ലകളിൽ നിന്നായി 80,109 വിദ്യാർത്ഥികൾ ഇന്ന് എസ്.എസ്.എൽ.സി പരീക്ഷ എഴുതും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷ എഴുതുന്ന റവന്യു ജില്ലയും വിദ്യാഭ്യാസ ജില്ലയും മലപ്പുറമാണെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ 27,436 വിദ്യാർത്ഥികളാണ് ഈ വർഷം പരീക്ഷ എഴുതുന്നത്. വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ 15,712 പേരും തിരൂരങ്ങാടിയിൽ 20,483ഉം തിരൂരിൽ 16,478 പേരുമാണ് പരീക്ഷയെഴുതുന്നത്.
ഡിസംബറിൽ പാഠഭാഗങ്ങൾ പൂർത്തീകരിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ റിവിഷൻ പ്രവർത്തനങ്ങൾക്കു ശേഷമാണ് ജില്ലയിലെ വിദ്യാർത്ഥികൾ ഇന്ന് പരീക്ഷയെ നേരിടാനെത്തുന്നത്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി പ്രത്യേക പരിശീലനങ്ങൾ, മോഡൽ പരീക്ഷകൾ, സഹവാസ ക്യാമ്പുകൾ എന്നിവയോടൊപ്പം എ പ്ലസുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് പ്രത്യേക എ പ്ലസ് ക്ലബ്ബുകളും പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്കായി പ്രത്യേക പരിശീലനങ്ങളും ജില്ലയിലെ സ്കൂളുകളിൽ നടത്തിയിരുന്നു. കഴിഞ്ഞ വർഷം 5702 എ പ്ലസ് ഉൾപ്പടെ 97.84 ശതമാനം വിജയമാണ് എസ്.എസ്.എൽ.സി പരീക്ഷയിൽ ജില്ല നേടിയത്.