മഞ്ചേരി: വേനൽച്ചൂട് വിദ്യാർത്ഥികൾക്കു കടുത്ത പരീക്ഷണമാവുന്നു. അന്തരീക്ഷ താപനില 35 ഡിഗ്രിയിലേറെ കൂടി നിൽക്കേ പൊതു പരീക്ഷയെക്കാൾ വലിയ പരീക്ഷണമാണ് ചൂടിൽ നേരിടുന്നതെന്ന് കുട്ടികൾ പറയുന്നു. എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ ആരംഭിക്കുമ്പോൾ പരീക്ഷ സമയക്രമം നിശ്ചയിച്ചത് വിവാദമായിരുന്നു. രാവിലെ ആരംഭിച്ച് ഉച്ചയ്ക്കും ഉച്ചയ്ക്കാരംഭിച്ച് വൈകുന്നേരവും പരീക്ഷകൾ അവസാനിക്കും വിധമാണ് സമയക്രമം. രാവിലെ 11നു ശേഷം ഉച്ചയ്ക്കു മൂന്നുവരെ സൂര്യതാപമേൽക്കാനുള്ള സാദ്ധ്യത മുൻനിറുത്തി പുറത്തിറങ്ങരുതെന്ന് പൊതുജനങ്ങൾക്ക് ജില്ലാ ഭരണകൂടം നിർദ്ദേശം നൽകിയ സാഹചര്യത്തിൽ പൊതു പരീക്ഷ ഉച്ചയ്ക്കു സമാപിക്കുന്നതും ആരംഭിക്കുന്നതുമായ വിധത്തിൽ ക്രമീകരിച്ചിരിക്കുന്നത് പ്രതിഷേധത്തിനിടയാക്കുന്നുണ്ട്.