മഞ്ചേരി: ഹൈടെക് സാങ്കേതിക വിദ്യകളുപയോഗിച്ച് വിവിധ രീതിയിലുള്ള ഓൺലൈൻ തട്ടിപ്പുകൾ നടത്തിയെന്ന കേസിൽ ഒളിവിലായിരുന്ന കാമറൂൺ സ്വദേശിയെ മഞ്ചേരി പൊലീസ് സൈബർ ഫോറൻസിക് ടീം അറസ്റ്റ് ചെയ്തു. കാമറൂൺ നോർത്ത് വെസ്റ്റ് റീജ്യൻ ഫിദൽ അതൂദ് ണ്ടയോങിനെയാണ്(37) ഇക്കഴിഞ്ഞ ദിവസം ഹൈദരാബാദ് ഷംഷാബാദിൽ നിന്നും അറസ്റ്റ് ചെയ്തത്. നേരത്തെ മഞ്ചേരി പൊലീസ് നടത്തിയ ഓപ്പറേഷനിൽ തലനാരിഴയ്ക്കാണ് പ്രതി രക്ഷപ്പെട്ടത്. ഇടയ്ക്കിടെ താമസസ്ഥലം മാറുന്നതാണ് ഇയാളുടെ രീതി. സ്റ്റുഡന്റ് വിസയിൽ ഇന്ത്യയിൽ വന്ന പ്രതി നിലവിൽ വിസ പുതുക്കാതെ അനധികൃതമായാണ് രാജ്യത്ത് തങ്ങുന്നതെന്നും പൊലീസ് കണ്ടെത്തി. ഓൺലൈൻ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് കാമറൂൺ, നൈജീരിയ സ്വദേശികളടക്കം പത്ത് പേരെയാണ് അറസ്റ്റ് ചെയ്തത്. രണ്ടു കേസുകളിലായി എട്ട് മാസത്തിനിടെയാണിത്. ഇന്ത്യക്ക് പുറമെ വിദേശ രാജ്യക്കാരായ ചിലരും ഇവരുടെ തട്ടിപ്പിനിരയായിട്ടുണ്ട്. രാജ്യത്തെ വിവിധ യൂണിവേഴ്സിറ്റികൾക്ക് കീഴിലുള്ള കോളേജുകളിൽ പഠനം നടത്താനെന്ന വ്യാജേന വിസ സംഘടിപ്പിച്ച് വരുന്ന ഇത്തരം തട്ടിപ്പുകാർ കോളേജുകളിൽ കൃത്യമായി പോകാതെ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട് ധനാപഹരണം നടത്തുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. സർജിക്കൽ ആന്റ് ഫാർമസ്യൂട്ടിക്കൽ സ്ഥാപനത്തിന് വിതരണം ചെയ്യാനാവശ്യമായ മരുന്നുകൾ ഇന്റർനെറ്റിൽ തിരയുന്നതിനിടെയാണ് പ്രതികൾ പരാതിക്കാരനുമായി ബന്ധപ്പെട്ടത്. ആവശ്യമുള്ള മരുന്നുകൾ എത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത പ്രതികൾ 102500 രൂപ 2018 മാർച്ച് 13 നും 24നും ഇടയിലായി തട്ടിയെടുത്തുവെന്നായിരുന്നു പരാതി. മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.