പെരിന്തൽമണ്ണ: തമിഴ്നാട്ടിൽ നിന്നും മൊത്തമായി കഞ്ചാവെത്തിച്ചു പെരിന്തൽമണ്ണ ടൗണിൽ വിതരണം ചെയ്യുന്നവരെ പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഇ.പി സിബിയുടെ നേതൃത്വത്തിൽ പിടികൂടി. മലപ്പുറം എക്സൈസ് ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ ഡി.ഫ്രാൻസിസ് നൽകിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിക്ക് സമീപം വാഹന പരിശോധന നടത്തവേ ബൈക്കിൽ നിന്ന് ഒരു കിലോ 550 ഗ്രാം കഞ്ചാവ് പിടികൂടി. കഞ്ചാവ് കടത്തിക്കൊണ്ടുവരികയായിരുന്ന പാലക്കാട് ജില്ലയിലെ കോങ്ങാട് സ്വദേശിയായ വിഷ്ണുവിനേയും മണ്ണാർക്കാട് പൊറ്റശ്ശേരി സ്വദേശിയായ പഴയ പീടിക മുഹമ്മദ് മുസ്തഫയേയും അറസ്റ്റു ചെയ്തു. കഞ്ചാവും കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും മൊബൈൽ ഫോണും 3000 രൂപയും കസ്റ്റഡിയിലെടുത്തു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.