നിലമ്പൂർ: നിലമ്പൂർ തേക്ക് മ്യൂസിയത്തോടനുബന്ധിച്ചുള്ള ഔഷധസസ്യ ഉദ്യാനം സംസ്ഥാനതല ഉദ്യാനമായി വികസിപ്പിക്കുന്നു. നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡിന്റെ ധനസഹായത്തോടെ ഇതിനായുള്ള പ്രവർത്തനങ്ങൾ പൂർത്തീകരിച്ചു. ബോർഡ് പ്രതിനിധികൾ ഇതുമായി ബന്ധപ്പെട്ട് ഉദ്യാനം ഉടൻ സന്ദർശിക്കും.
തുടക്കത്തിൽ 200 ഓളം ഔഷധ സസ്യങ്ങളുണ്ടായിരുന്നത് നിലവിൽ 500 ആക്കി ഉയർത്തിയിട്ടുണ്ട്. വിവിധ ആദിവാസി ഊരുകളിൽ നിന്നും നേരിട്ടു ശേഖരിച്ച അപൂർവ്വ ഇനം ഔഷധസസ്യങ്ങളും ഔഷധഗുണമുള്ള അലങ്കാരച്ചെടികളും അടങ്ങുന്നതാണ് ഉദ്യാനം. നിരവധി സഞ്ചാരികളെത്തുന്ന തേക്ക് മ്യൂസിയത്തിൽ നവീകരിച്ച ഈ ഉദ്യാനം കൂടുതൽ പേരെ ആകർഷിക്കും.
പാർക്കിന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നാഷണൽ മെഡിസിനൽ പ്ലാന്റ് ബോർഡ് പ്രതിനിധികൾ ഈ മാസം തന്നെ നിലമ്പൂർ തേക്ക് മ്യൂസിയത്തിലെ ജൈവ വിഭവ ഉദ്യാനത്തിലെത്തുന്നുണ്ട്.
പുതിയ നഗരവികസന രേഖകൾ നിഷ്കർഷിക്കുന്ന ഗ്രീൻ ഏരിയകൾക്ക് ഒരു മാതൃകയാവാൻ ഔഷധോദ്യാനത്തിനു കഴിയും
ഡോ.യു.ചന്ദ്രശേഖര,കേരള വനഗവേണകേന്ദ്രം സയന്റിസ്റ്റ് ഇൻ ചാർജ്ജ്