തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിൽ ആരോഗ്യ അഡീഷണൽ ഡയറക്ടർ ഡോ. വി.ആർ. രാജുവിന്റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടന്നു. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികളോടും മറ്റും ഡോക്ടർമാരും ജീവനക്കാരും മോശമായി പെരുമാറുന്നതായുള്ള പരാതികളുടെ അടിസ്ഥാനത്തിലായിരുന്നുപരിശോധന. ഇക്കാര്യം ചൂണ്ടിക്കാട്ടി 19ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു.
വാർത്ത ശ്രദ്ധയിൽ പെട്ട ജില്ലാ മെഡിക്കൽ ഓഫീസർ സക്കീന ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നാണ് പരിശോധന നടന്നത്. രാവിലെ എട്ടിന് സംഘം പരിശോധനയ്ക്കെത്തിയപ്പോൾ പുതുതായി വന്ന രണ്ട് ഡോക്ടർമാർ മാത്രമാണ് ജോലിയിൽ ഹാജരുണ്ടായിരുന്നത്. രേഖകൾ പരിശോധിച്ചപ്പോൾ പല ദിവസവും ജീവനക്കാർ വൈകിയാണ് വന്നിട്ടുള്ളതെന്ന് മനസ്സിലായി.
സമയം വൈകിയെത്തിയവർക്കെതിരെ നടപടിക്ക് സാദ്ധ്യതയുള്ളതായും റിപ്പോർട്ട് ജില്ലാ മെഡിക്കൽ ഓഫീസിലേക്ക് അയക്കുമെന്നും തുടർനടപടി ജില്ലാ ഓഫീസ് എടുക്കുമെന്നും വി.ആർ. രാജു കേരളകൗമുദിയോട് പറഞ്ഞു
പരാതികളേറെ
അത്യാഹിത രോഗികളോടും രാവിലെ എത്തിപ്പെടാൻ സാധിക്കാത്തതിനാലും മറ്റും ഉച്ചയ്ക്ക് ശേഷം എത്തുന്നവരോടും ആശുപത്രി ജീവനക്കാർ മോശമായാണ് പെരുമാറുന്നതെന്ന് പരാതിയുയർന്നിരുന്നു.
തിരുരങ്ങാടി ആശുപത്രിയിലെ ജീവനക്കാരുടെ പെരുമാറ്റം സംബന്ധിച്ച് നിരവധി പരാതികളുയർന്നുവെങ്കിലും നടപടികളുണ്ടായിരുന്നില്ല.
അടുത്തിടെ ആശുപത്രി സുപ്രണ്ട് ഇൻ ചാർജിനെയും പി.ആർ ഒയേയും ഇവിടെ നിന്ന് സ്ഥലം മാറ്റിയിരുന്നു.
പല ഡോക്ടർമാരും രോഗികളെ വരിയിൽ നിറുത്തി ചായ കുടിക്കാൻ അവരുടെ വിശ്രമമുറിയിൽ പോയാൽ തിരിച്ചെത്താൻ അര മണിക്കൂറിലധികം സമയമെടുക്കാറുണ്ടെന്നും പരാതിയുയർന്നിരുന്നു