പൊന്നാനി: ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാർത്ഥിയായി നിലമ്പൂർ എം.എൽ.എ പി.വി. അൻവർ പൊന്നാനിയിലെത്തും മുൻപ് മറ്റൊരു നിലമ്പൂർക്കാരൻ പൊന്നാനിയിൽ ഇടതു സ്ഥാനാർത്ഥിയായി എത്തിയിരുന്നു. ഏതാണ്ട് നാല് പതിറ്റാണ്ട് മുൻപ്. സാക്ഷാൽ ആര്യാടൻ മുഹമ്മദ്. 1980ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ. ആന്റണി വിഭാഗം കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി. കോൺഗ്രസിലെ പിളർപ്പിനെ തുടർന്ന് അന്ന് ഇടതുപക്ഷത്തിനൊപ്പമായിരുന്നു കോൺഗ്രസ് എ വിഭാഗം.
ആര്യാടന്റെ മുഖ്യ എതിരാളി മുസ്ലിം ലീഗിലെ ഗുലാം മുഹമ്മദ് ബനാത്ത്വാലയായിരുന്നു. മഹാരാഷ്ട്രക്കാരനായ ബനാത്ത് വാലയുടെ രണ്ടാമൂഴമായിരുന്നു അത്. 1977ലാണ് ആദ്യമായി പൊന്നാനിയിൽ മത്സരിക്കാനെത്തിയത്. കടുത്ത മത്സരത്തിൽ വിജയിച്ചത് ബനാത്ത്വാല. 50,863 വോട്ടിന്റെ ഭൂരിപക്ഷം. ചർക്ക ചിഹ്നത്തിലായിരുന്നു ആര്യാടന്റെപോര്. തൊട്ടുമുന്നേ നടന്ന 1977ലെ തിരഞ്ഞെടുപ്പിലും പിന്നീട് നടന്ന തിരഞ്ഞെടുപ്പുകളിലും ബനാത്ത് വാലയുടെ ഭൂരിപക്ഷം ഒരു ലക്ഷത്തിന് മുകളിലായിരുന്നു.
സി.പി.എമ്മിനും സി.പി.ഐക്കും പുറമേ അഖിലേന്ത്യ ലീഗും കോൺഗ്രസ് എ വിഭാഗവും അടങ്ങുന്നതായിരുന്നു ഇടതുപക്ഷം.നേരത്തെ സി.പി.എം മത്സരിച്ച പൊന്നാനി സീറ്റ് കോൺഗ്രസ് ആന്റണി വിഭാഗത്തിന് നൽകുകയായിരുന്നു. ആന്റണി കോൺഗ്രസ് നേതാവ് പി.കെ. മൊയ്തീൻ കുട്ടിയെയാണ് പൊന്നാനിയിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചത്. എന്നാൽ അവസാനനിമിഷം അദ്ദേഹം സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിൻമാറി. നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ കാത്തിരുന്ന ആര്യാടൻ മുഹമ്മദിനെ പൊന്നാനിയിൽ സ്ഥാനാർത്ഥിയായി നിശ്ചയിച്ചു. പൊന്നാനിയിൽ തോറ്റാൽ നിലമ്പൂരിൽ നിന്ന് നിയമസഭയിലേക്ക് മത്സരിക്കാൻ അവസരം നൽകണമെന്ന കരാറിലാണ് ആര്യാടൻ മത്സരിക്കാൻ തയ്യാറായത്.
ലോക്സഭ തിരഞ്ഞെടുപ്പിനോട് ചേർന്ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് ആന്റണി കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച പൊന്നാനിക്കാരൻ സി. ഹരിദാസ് വിജയിച്ചു. പൊന്നാനിയിൽ തോറ്റ ആര്യാടൻ മുഹമ്മദിന് കരാർ പ്രകാരം നിലമ്പൂരിൽ മത്സരിക്കാനായി സി. ഹരിദാസ് എം.എൽ.എ സ്ഥാനം രാജിവച്ചു. 11 ദിവസമാണ് സി, ഹരിദാസ് നിയമസഭാംഗമായിരുന്നത്. സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും കുറച്ചു ദിവസം നിയമസഭാംഗമായ റെക്കാഡ് ഇന്നും സി. ഹരിദാസിന്റെ പേരിലാണ്.
ഉപതിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ നിന്ന് വിജയിച്ച ആര്യാടൻ മുഹമ്മദ് ഇ.കെ. നായനാർ മന്ത്രിസഭയിൽ അംഗമായി. ആര്യാടന് വേണ്ടി എം.എൽ.എ സ്ഥാനം രാജിവച്ച സി. ഹരിദാസ് പിന്നീട് രാജ്യസഭാംഗമായി.
ലീഗിന്റെ പടയോട്ടം
പൊന്നാനി ലോക്സഭ മണ്ഡലത്തിന്റെ ചരിത്രത്തിൽ 1977 മുതൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥികൾ മാത്രമാണ് വിജയിച്ചിട്ടുള്ളത്.
എതിരാളികളായി സി പി എം, കോൺഗ്രസ് എ, സി.പി.ഐ സ്ഥാനാർത്ഥികളും കഴിഞ്ഞ മൂന്ന് തവണയായി ഇടതുപക്ഷ സ്വതന്ത്രരുമാണ് മത്സരിക്കുന്നത്.
1977ന് മുൻപ് നടന്ന നാല് ലോക്സഭ തിരഞ്ഞെടുപ്പുകളിൽ പൊന്നാനി മണ്ഡലം പാലക്കാട് ജില്ലയുടെ ഭാഗമായിരുന്നു.
ആദ്യ തിരഞ്ഞെടുപ്പിൽ കെ. കേളപ്പനും രണ്ടാമത്തെയും മൂന്നാമത്തെയും തിരഞ്ഞെടുപ്പിൽ അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടി പ്രതിനിധികളായി സി.കെ. ചക്രപാണിയും എം.കെ. കൃഷ്ണനും തുടർന്ന് സി.പി.എം പ്രതിനിധിയായി ഇ.കെ. ഇമ്പിച്ചിബാവയുമാണ് ലോക്സഭ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.
മുസ്ലിംലീഗിൽ നിന്ന് ഏഴു തവണ ജി.എം. ബനാത്ത് വാലയും ഒരു തവണ വീതം ഇബ്രാഹിം സുലൈമാൻ സേട്ടും ഇ. അഹമ്മദും രണ്ടു തവണ ഇ ടി മുഹമ്മദ് ബഷീറും തിരഞ്ഞെടുക്കപ്പെട്ടു.
50,863 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബനാത്ത് വാല ആര്യാടനെതിരെ ജയിച്ചത്