മലപ്പുറം : മതേതര സഖ്യത്തിനെതിരെ സ്ഥാനാർത്ഥിയെ നിറുത്തി ബി.ജെ.പിയെ സഹായിക്കുന്ന നിലപാടാണ് ദേശീയരാഷ്ട്രീയത്തിൽ സി.പി.എം സ്വീകരിക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി ആരോപിച്ചു. വേങ്ങര ഊരകത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പലയിടങ്ങളിലും ഇത്തരത്തിൽ മത്സരത്തിന് കളമൊരുങ്ങിയിട്ടുണ്ട്. കോൺഗ്രസിനും മതേതര കക്ഷികൾക്കും എതിരായി ഒരിടത്ത് പോലും മുസ്ലിംലീഗ് മത്സരിക്കില്ല. നിലവിലെ സാഹചര്യത്തിൽ മതേതര വോട്ടുകൾ ഭിന്നിക്കാതെ നോക്കേണ്ടത് ഒരോ ഇന്ത്യൻ പൗരന്റേയും കടമയാണ്. കേരള കോൺഗ്രസിലെ നിലവിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കും. വിഷയത്തിൽ യു.ഡി.എഫ് നേതാക്കളുമായി ആശയ വിനിമയം നടത്തുന്നുണ്ട്. എല്ലാവർക്കും സ്വീകാര്യമായ നിലയിൽ പ്രശ്നങ്ങൾ അവസാനിപ്പിക്കും. 17ന് മലപ്പുറത്ത് നടക്കുന്ന മണ്ഡലം കൺവെൻഷനോടെ മലപ്പുറം മണ്ഡലത്തിലെ പ്രചാരണ പ്രവർത്തനങ്ങൾ സജീവമാകും. 18ന് പൊന്നാനിയിൽ കൺവെൻഷൻ നടക്കും.
സംസ്ഥാനത്തെ മുഴുവൻ മണ്ഡലങ്ങളിലെയും പ്രചാരണ പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടത് പാർട്ടി നേതാവെന്ന നിലയിൽ തന്റെ ചുമതലയാണെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു