തേഞ്ഞിപ്പലം : ദേശീയപാത കാലിക്കറ്റ് യൂണിവേഴ്സിറ്റി, മേലേ ചേളാരി, താഴെ ചേളാരി, കോഹിനൂർ അങ്ങാടി എന്നിവിടങ്ങളിൽ സീബ്രാലൈനുകൾ മാഞ്ഞത് റോഡ് മുറിച്ചു കടക്കുന്നവർക്ക് ദുരിതമാകുന്നു. വിദ്യാർത്ഥികളടക്കം ദിനേന നൂറുകണക്കിനാളുകൾ റോഡ് മുറിച്ചുകടക്കാൻ ആശ്രയിക്കുന്ന പ്രധാന ഭാഗത്തെ സീബ്രാലൈനുകളാണ് ഇത്തരത്തിൽ നിറംമങ്ങിയിട്ടുള്ളത്. ഏറെ തിരക്കുപിടിച്ച ദേശീയപാതയായതിനാൽ റോഡുമുറിച്ചുകടക്കാൻ യാത്രക്കാർ മിനിറ്റുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്. രാവിലെയും വൈകുന്നേരവും ട്രാഫിക് പൊലീസിന്റെ സഹായത്തോടെയാണ് പലരും റോഡിന്റെ മറുവശത്തെത്തുന്നത്. സീബ്രാലൈൻ നിറം മങ്ങിയതോടെ വാഹനമോടിക്കുന്നവരുടെ കണ്ണിൽപ്പെടുന്നില്ല. മേലെ ചേളാരി അങ്ങാടിയിൽ ജീപ്പ് സ്റ്റാൻഡിന് മുന്നിലുള്ള വെള്ളവര നിറം മങ്ങിയിട്ട് മാസങ്ങളായി. അമിതവേഗതയിൽ വരുന്ന വാഹനങ്ങളുടെ സഡൻ ബ്രേക്കിലാണ് പലപ്പോഴും കാൽനടയാത്രക്കാർ രക്ഷപ്പെടുന്നത്. അധികൃതർ ഇനിയും ഉറക്കം വെടിഞ്ഞില്ലെങ്കിൽ ഇത് അപകടം ക്ഷണിച്ച് വരുത്തും. സീബ്രാലൈൻ പുതുക്കിവരക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
സ്ക്കൂൾ സമയങ്ങളിൽ യൂണിവേഴ്സിറ്റി, കോഹിനൂർ, ചേളാരി എന്നിവിടങ്ങളിൽ രാവിലെയും വൈകുന്നേരവും പൊലീസ് ഉള്ളത് യാത്രക്കാർക്കും വിദ്യാർത്ഥികൾക്കും ഏറെ ആശ്വാസമാണ്.