തിരൂർ: ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ചൊവ്വാഴ്ച സി.പി..എമ്മിന്റെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ അഡീഷണൽ എസ്.ഐ ഗോപാലനെ ആക്രമിച്ച കേസിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ അറസ്റ്റിൽ. കൈമലശ്ശേരി അമ്മേകര ഹൗസിൽ അഭിജിത്തിനെയാണ്(26) തിരൂർ പുങ്ങോട്ടുകുളത്ത് വച്ച് ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തത്. ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ ആക്രമിക്കാൻ ശ്രമിച്ച കേസിലാണ് പ്രതിയെ പിടികൂടിയത്. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലേക്ക് സി.പി.എം നടത്തിയ മാർച്ച് പൊലീസ് തടയാൻ ശ്രമിക്കുന്നതിനിടെയാണ് പ്രകോപനമില്ലാതെ ഡ്യൂട്ടി എസ്.ഐയെ അഭിജിത്ത് കൈയേറ്റം ചെയ്ത് കരണത്തടിച്ചത്. മുമ്പ് നാല് സംഘർഷ കേസുകളിൽ പ്രതിയാണ് അഭിജിത്.