മഞ്ചേരി: പയ്യനാട് ചോലയ്ക്കൽ പ്രദേശത്ത് മുമ്പെങ്ങുമില്ലാത്ത വിധം കാട്ടുപന്നികളുടെ ആക്രമണം രൂക്ഷമാവുന്നു. രാപ്പകൽ ഭേദമില്ലാതെ പന്നികൾ നാടിറങ്ങുമ്പോൾ പുറത്തിറങ്ങാൻ പോലുമാവാതെ ഭയപ്പാടിലാണ് ജനജീവിതം. കച്ചേരിപ്പടി, മടയങ്കോട്, വടക്കാങ്ങര ഭാഗങ്ങളിലെല്ലാം കാട്ടുപന്നികളുടെ ശല്യം രൂക്ഷമാണ്. നാട്ടുകാരെയും വളർത്തുമൃഗങ്ങളെയും ആക്രമിക്കുന്നതാണ് പ്രതിസന്ധി കൂട്ടിയത്. ഉച്ചയ്ക്കു ശേഷവും അതിരാവിലെയുമാണ് പന്നികളുടെ ആക്രമണം.
കഴിഞ്ഞയാഴ്ച വൈകിട്ട് നാലിന് ആടുകളുമായി വീട്ടിലേക്കു മടങ്ങുകയായിരുന്ന വീട്ടമ്മയ്ക്കുനേരെ കാട്ടുപന്നികളുടെ ആക്രമണമുണ്ടായി. മടയങ്കോട് വലിയ പീടിയേക്കൽ ഹംസയുടെ മകൾ മറിയുമ്മയാണ് ആക്രമണത്തിനിരയായത്. ചികിത്സയ്ക്കു ശേഷം മറിയുമ്മ വീട്ടിൽ വിശ്രമത്തിലാണ്. കർഷകനാണ് മറിയുമ്മയുടെ പിതാവ് ഹംസ. കാലങ്ങളായി ചെയ്തുവന്ന കൃഷിയിടങ്ങളെല്ലാം പന്നികൾ ആക്രമിക്കുമ്പോൾ കാർഷികവൃത്തി അവസാനിപ്പിക്കുകയല്ലാതെ വേറെ പോംവഴിയില്ലെന്നു ഹംസ പറയുന്നു. പന്നിയെ തുരത്താൻ നടത്തിയ ശ്രമങ്ങളെല്ലാം വൃഥാവിലാവുകയായിരുന്നു.
പന്നിശല്യത്താൽ നാട്ടുകാരും കർഷകരും വലയുമ്പോഴും വനം, കൃഷി വകുപ്പുകളിൽ നിന്നും നടപടികളുണ്ടായിട്ടില്ല. വിദ്യാർത്ഥികളെയും സ്ത്രീകളെയും ഒറ്റയ്ക്കു പുറത്തുവിടാനാവാത്ത സാഹചര്യമാണുള്ളത്.
ഇക്കാര്യത്തിൽ ഇടപെടലില്ലെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ഈ പൊതുതിരഞ്ഞെടുപ്പു വേളയിൽ നാട്ടുകാരുടെ തീരുമാനം.
വലിയ പാടാണ്
ജലക്ഷാമം രൂക്ഷമായ പ്രദേശമാണ് മഞ്ചേരി നഗരസഭയിലെ പയ്യനാട് മേഖല.
നേരത്തെ നെൽകൃഷി നടത്തിവന്ന ഭാഗങ്ങളിൽ ഇപ്പോൾ കപ്പ, വാഴ, പച്ചക്കറിക്കൃഷികളാണ് വ്യാപകമായുള്ളത്.
കൃഷിയിടങ്ങൾ പാട്ടത്തിനെടുത്താണ് മിക്ക കർഷകരും വിളവിറക്കുന്നത്.
കാർഷികാഭിവൃദ്ധി പ്രകടമായിരുന്ന മഞ്ചേരി പയ്യനാട് ഇപ്പോൾ തരിശു നിലങ്ങളാണ് ഭൂരിഭാഗവും.
വെള്ളമില്ല. ജലസേചനത്തിനു കാര്യക്ഷമമായ പദ്ധതികളില്ല. ഇതിനിടെ പന്നികളുടെ തേർവാഴ്ചയും.
വെള്ളമില്ലാതായപ്പോൾ ബദൽ വിളകളിലേക്കു കർഷകർ തിരിഞ്ഞെങ്കിലും നാടിറങ്ങുന്ന പന്നികളിൽ നിന്നു സംരക്ഷണം ലഭിക്കുന്നില്ല.
വെള്ളമില്ല. കൂടാതെ പന്നിശല്യവും. സ്വന്തം സ്ഥലവും പാട്ട ഭൂമിയുമായി കൃഷി നടത്തിയവരെല്ലാം ഇപ്പോൾ നിവൃത്തിയില്ലാതെ രംഗംവിടുകയാണ്
വടക്കാങ്ങര ഹംസ, ചോലയ്ക്കൽ ബാലസുബ്രഹ്മണ്യൻ
കർഷകർ