എടക്കര: കടുത്ത വേനലിൽ റബർ ടാപ്പിംഗ് നിറുത്താൻ ഒരുങ്ങി തോട്ടം ഉടമകൾ. വൻകിട തോട്ടങ്ങളിൽ പലതും ഈ മാസം പകുതിയോടെ ടാപ്പിംഗ് നിറുത്തും. വിലയിടിവും ഉത്പാദനക്കുറവുമാണ് തോട്ടം ഉടമകളെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
ഒരു കിലോ റബറിന് 252 രൂപ വരെ ലഭിച്ച സ്ഥാനത്ത് നിലവിൽ 126 രൂപയാണ്. കോട്ടയം ജില്ല കഴിഞ്ഞാൽ റബർ കർഷകർ കൂടുതലുള്ള പ്രദേശമാണ് നിലമ്പൂർ. 250 വ്യാപാരികൾ തന്നെ ജില്ലയിലുണ്ട്. 20.000തോളം ടാപ്പിംഗ് തൊഴിലാളികളും ഉണ്ട്. ടാപ്പിംഗ് നിലച്ചാൽ അത് ആയിരക്കണക്കിന് കുടുംബങ്ങളെ ബാധിക്കും 300 മരത്തിൽ നിന്നും 30 ഷീറ്റ് കിട്ടിയ സ്ഥാനത്ത് നിലവിൽ 10 ഉം 12 ഉം ആണ് ലഭിക്കുന്നത്, പ്രളയവും തുടർന്ന് വന്ന വരൾച്ചയും റബർ കർഷകരുടെ നടുവൊടിച്ചു. കർഷകന് ന്യായവില ലഭ്യമാക്കാൻ സർക്കാർ കൊണ്ടുവന്ന വിലസ്ഥിരതാ ഫണ്ടും ഇഴഞ്ഞ് നീങ്ങുകയാണ്.