നിലമ്പൂർ: തുടർച്ചയായ ദിവസങ്ങളിൽ നിലമ്പൂർ മേഖലയിൽ തീപിടിത്തം തുടരുമ്പോൾ വിശ്രമമില്ലാതെ ഫയർ ഫോഴ്സ്. ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് എടക്കര തെയ്യത്തുംപാടത്ത് തീപിടിത്തമുണ്ടായത്.
ഒഴിഞ്ഞ തോട്ടത്തിലെ അടിക്കാടുകളിലാണ് ആദ്യം തീപിടിച്ചത്. മിനിറ്റുകൾക്കുള്ളിൽ തൊട്ടടുത്ത റബ്ബർ,തെങ്ങ് തോട്ടങ്ങളിലേക്ക് പടർന്നു. കനത്ത ചൂടും കാറ്റും തീപിടിത്തം പെട്ടെന്ന് വ്യാപിക്കാനിടയാക്കി. വിവരമറിഞ്ഞു നിലമ്പൂർ ഫയർ ഫോഴ്സ് സ്ഥലത്തെത്തിയെങ്കിലും വാഹനത്തിന് എത്തിപ്പെടാനാവാത്ത സ്ഥലത്തായതിനാൽ ഫയർ ബീറ്ററുകൾ ഉപയോഗിച്ച് നാട്ടുകാരോടൊപ്പം ചേർന്ന് തീ നിയന്ത്രണവിധേയമാക്കി. ഒരു മണിക്കൂറോളം കഠിന പരിശ്രമം നടത്തിയാണ് തീ പൂർണമായും അണയ്ക്കാനായത്. പ്ലാശ്ശേരിൽ വീട്ടിൽ ഓമനക്കഞ്ഞമ്മയുടെ ഉടമസ്ഥതയിലുള്ള ഒന്നര ഏക്കറിലെയും കളപ്പുരയ്ക്കൽ തങ്കമ്മ ജോസഫിന്റെ ഒന്നേമുക്കാൽ ഏക്കറിലെയും ഭാവനാലയം മേരി ജോർജിന്റെ രണ്ടേക്കറിലെയും റബർ, തെങ്ങ് തോട്ടങ്ങളിലെ പുല്ലിനും അടിക്കാടിനുമാണ് തീ പിടിച്ചത്. 20ഏക്കറോളം സ്ഥലമാണിവിടെ ഉള്ളത്. വളരെ പെട്ടെന്ന് തീയണയ്ക്കാനായതിനാൽ വലിയ തോതിൽ തീ വ്യാപിച്ചില്ല. സ്റ്റേഷൻ ഓഫീസർ എം. അബ്ദുൾ ഗഫൂർ, ലീഡിംഗ് ഫയർമാൻ ബി. സുനിൽ കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഫയർമാൻമാരായ എം.വി. അജിത്, കെ. രമേശ്, എം. നിസാമുദ്ദീൻ, കെ. അഫ്സൽ, എസ്. സനന്ത്, കെ.പി അനൂപ്, ഫയർമാൻ ഡ്രൈവർ എം.കെ. സത്യപാലൻ എന്നിവരാണ് തീയണച്ചത്.