തിരൂരങ്ങാടി: വെസ്റ്റ് നൈൽ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന്കേന്ദ്ര സംഘം എ ആർ നഗറിൽ പരിശോധിച്ചു. രാവിലെ മലപ്പുറത്തെത്തിയ സംഘം ജില്ലാ മെഡിക്കൽ ഓഫീസറുമായി ചർച്ച നടത്തിയതിന് ശേഷം രോഗം ബാധിച്ച കുട്ടിയ മെഡിക്കൽകോളേജിൽ സന്ദർശിച്ചു. കുട്ടിയുടെ വീട്ടിലും പരിസരത്തും സന്ദർശിക്കുകയും സാഹചര്യം വിലയിരുത്തുകയും ചെയ്തു. കുട്ടിയുടെ മാതാവിന്റെ വീട്ടിലും സംഘം സന്ദർശനം നടത്തി.
വീടും പരിസരവും സന്ദർശിക്കുകയും സാംപിൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്. മൃഗങ്ങളിൽ നിന്നുമാണ് രോഗം പടരുന്നതിനെന്നതിനാൽ പക്ഷികളിൽ നിന്നും വളർത്ത് മൃഗങ്ങളിൽ നിന്നുമാണ് സാംപിളുകൾ ശേഖരിച്ചത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ടായിരുന്നു. തിരുവനന്തപുരം കേന്ദ്ര സാംക്രമികരോഗ നിയന്ത്രണകേന്ദ്രം തലവൻ ഡോ. രുചി ജയ്ൻ, എന്റമോളജിസ്റ്റ് ഡോ. ഇ രാജേന്ദ്രൻ,ഡോ. രഘു എന്നിവരാണ് സന്ദർശനം നടത്തിയത്. ഡോ. ബിനോയ് വാസു,ഡോ. സുനീത് കൗർ എന്നിവർ ഇന്ന് സന്ദർശനം നടത്തുന്നുണ്ട്.
കൊതുകുകളെ നശിപ്പിക്കണം : ഡിഎംഒ
ക്യൂലക്സ് കൊതുകുകളാണ് വെസ്റ്റ് നൈൽരോഗം പടർത്തുന്നത്. കൊതുകിനെ നിയന്ത്രിക്കുകയല്ലാതെരോഗത്തെ പ്രതിരോധിക്കാൻ മറ്റു വഴികളില്ല. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
മലിന ജലത്തിലാണ് ക്യൂലക്സ് കൊതുകുകൾ കാണപ്പെടുന്നത്. കൊതുകുകൾ വളരുന്നതിനുള്ള സാഹചര്യം എല്ലാവരും ഒഴിവാക്കണമെന്ന് ഡിഎംഒ അറിയിച്ചു. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുകുകളുടെ ലാർവ നശിപ്പിക്കുന്നതിനായി ജലസ്രോതസ്സുകളിൽ ഗപ്പികളെ വളർത്തുക. കിണർ നെറ്റ് ഉപയോഗിച്ച് മൂടണം കൊതുക് കടി ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ സ്വീകരിക്കണമെന്നും ഡിഎംഒ പറഞ്ഞു.