തിരൂരങ്ങാടി: പൊന്നാനി ലോകസഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ഇ.ടി മുഹമ്മദ് ബഷീറിന്റെ ഒന്നാംഘട്ട സ്ഥാനാർത്ഥി പര്യടനത്തിന് ഇന്നലെ തിരൂരങ്ങാടിയിൽ തുടക്കമായി. രാവിലെ 9 മണിയോടെ എടരിക്കോട് സ്പിന്നിംഗ് മില്ലിൽ നിന്നാണ് പര്യടനം തുടങ്ങിയത്. തൊഴിലാളികളോടും മറ്റും വോട്ടർഭ്യാർത്ഥിച്ച് കെല്ലിലെ ജീവനക്കാരെയും ഇ.ടി കണ്ടു. പുതുപറമ്പ് സേക്രഡ് ഹാർട്ട് സീനിയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും വോട്ടർഭ്യാർത്ഥിച്ചു. പിന്നീട് കോട്ടക്കൽ വനിതാ പോളിയിലും എടരിക്കോട് സർവ്വീസ് സഹകരണ ബാങ്കിലും എടരിക്കോട് ജി.എം.യു.പി സ്കൂളിലും സന്ദർശനം നടത്തി. പൂക്കിപറമ്പ് സി.എച്ച് ഹൈദ്രോസ് മുസ്ലിയാർ അറബിക് കോളേജിലെ വിദ്യാർത്ഥികളെയും ജീവനക്കാരെയും നേരിൽ കണ്ടു. അഹസ്സനിയ്യ യത്തീംഖാനയിലേക്കുള്ള യാത്രയിൽ ചെമ്മേരിപ്പാറയിൽ 121,122 ബൂത്ത് യു.ഡി.എഫ് ബൂത്ത് കമ്മിറ്റി ഓഫീസ് ഇ.ടി ഉദ്ഘാടനം ചെയ്തു.
ഉച്ചയോടെ തിരൂരങ്ങാടി നഗരസഭയിലേക്ക് പ്രവേശിച്ച പര്യടനം മുസ്ലിംലീഗ് കാരണവർ സി.എച്ച് കുഞ്ഞീതുഹാജിയുടെ വീട്ടിലാണ് ആദ്യം കയറിയത്. തുടർന്ന് തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിലേക്കും തുടർന്ന് ദാറുൽ ഹുദയിലേക്കും പോയി. പരപ്പനങ്ങാടി നഗരസഭയിൽ ചെട്ടിപ്പടിയിൽ നിന്നും ഉള്ളണം വരെ റോഡ് ഷോയിലും നടത്തിയാണ് ഇ.ടിയുടെ തിരൂരങ്ങാടി പര്യടനം അവസാനിപ്പിച്ചത്.വിവിധയിടങ്ങളിലെ സന്ദർശനത്തിൽ ഇ.ടിക്കൊപ്പം പി.കെ അബ്ദുറബ്ബ് എം.എൽ.എ, മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിമാരായ അബ്ദുറഹ്മാൻ രണ്ടത്താണി, അഡ്വ.പി.എം.എ സലാം, വി.ടി രാധാകൃഷ്ണൻ, നാസർ കെ തെന്നല, ആസാദ് ചെങ്ങരംചോല തുടങ്ങിയവരുണ്ടായിരുന്നു.