പെരിന്തൽമണ്ണ: പുഴയും കനാലുമുണ്ടായിട്ടും കൃഷിയാവശ്യങ്ങൾക്കുള്ള വെള്ളം കൃത്യമായി കിട്ടാതെ പുലാമന്തോൾ പഞ്ചായത്തിലെ കർഷകർ ദുരിതത്തിൽ. കട്ടുപ്പാറയിൽ നിന്നും കനാൽ വഴി വരുന്ന വെള്ളം ആഴ്ചകളോളം നിർത്തലാക്കിയതോടെ പ്രദേശത്ത് നിലവിലുള്ള ജലസ്രോതസ്സുകളെല്ലാം വറ്റിവരണ്ടിട്ടുണ്ട്. ശക്തമായ പ്രതിഷേധത്തെ തുടർന്ന് കഴിഞ്ഞ ദിവസം മുതൽ വെള്ളമെത്താൻ തുടങ്ങിയിട്ടുണ്ടെങ്കിലും ഇതു കൃത്യമായി ലഭ്യമാവുമോയെന്നതിൽ അധികൃതർ യാതൊരു ഉറപ്പുമേകുന്നില്ല.
കുന്തിപ്പുഴയിൽ നിന്നും കട്ടുപ്പാറയിൽ നിന്നും ആരംഭിക്കുന്ന കനാലിലെ വെള്ളത്തെ ആശ്രയിച്ചാണ് കട്ടുപ്പാറ, തിരുന്നാരായണപുരം വടക്കേക്കര, കിക്കേര, വടക്കൻ പാലൂർ, പാലൂർ എന്നിവിടങ്ങളിലെ ഏക്കറുകണക്കിലെ പാടശേഖരത്തിലെ കർഷകരും നാട്ടുകാരും കഴിയുന്നത്. വെള്ളം മുറയ്ക്ക് ലഭ്യമാവാതെ വന്നതോടെ ഈ മേഖലയിലെ കൃഷിയെ സാരമായി ബാധിച്ചതായി കർഷകർ പറയുന്നു.
നെല്ല്, പച്ചക്കറികൾ, വാഴ തുടങ്ങിയവ യഥേഷ്ടം കൃഷി ചെയ്തുവരുന്ന ഇവിടുത്തെ വയലുകളിൽ കേരളത്തിലെ അപൂർവ്വ കൃഷിയായ സൂര്യകാന്തി പോലും ഇവിടുത്തെ ഒരു കർഷകൻ കൃഷി ചെയ്തിരുന്നു. വേനൽ ഇത്രമേൽ കടുത്തതോടെ ആഴ്ചകളോളം കനാലിലൂടെ വെള്ളം എത്തിക്കാഞ്ഞത് കൃഷിയെ സാരമായി ബാധിച്ചതായി കർഷകർ പറയുന്നു. പ്രദേശത്തെ കൃഷിയും, ജലസ്രോതസ്സുകളും സംരക്ഷിക്കുവാൻ അധികൃതരുടെ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് ഈ മേഖലയിലെ കർഷകരും, നാട്ടുകാരും ഒരുപോലെ ആവശ്യപ്പെടുന്നു.