മഞ്ചേരി:വേനൽ ശക്തമായിരിക്കെ കുടിവെള്ളം പാഴാവുന്നതു തടയാൻ മഞ്ചേരിയിൽ നടപടികൾ നാമമാത്രം. കാലപ്പഴക്കം ചെന്ന് നഗരകുടിവെള്ള പദ്ധതിയുടെ പൈപ്പു ലൈൻ തകർന്നു ശുദ്ധജലം പാഴാവുന്നത് നിത്യക്കാഴ്ചയാണ്. ഇക്കാര്യത്തിൽ ജനരോഷം ശക്തമായിട്ടും അധികൃത ഇടപെടൽ കാര്യക്ഷമമായിട്ടില്ല.മഞ്ചേരി ചുള്ളക്കാട് നസ്രത്ത് റോഡിലെ ആനപ്പാംകുന്നിൽ നിന്നുള്ള കാഴ്ചയാണിത്. നഗരകുടിവെള്ള പദ്ധതിയുടെ പൈപ്പു ലൈൻ തകർന്ന് വൻതോതിൽ ശുദ്ധജലം പാഴാവുന്നു. സംഭവത്തിൽ നാട്ടുകാർ പരാതി നൽകിയിട്ടും പ്രശ്ന പരിഹാരത്തിനു നടപടി വൈകുകയാണ്.
വേനൽ അതി കാഠിന്യത്തിലെത്തിനിൽക്കുമ്പോഴാണ് ഈ ദുരവസ്ഥ. മഞ്ചേരിയിൽ നഗരവാസികൾ ഏറിയപങ്കും കുടിവെള്ളത്തിന് ജല അതോറിച്ചിയുടെ ജലവിതരണ സംവിധാനത്തെ ആശ്രയിക്കുന്ന സാഹചര്യത്തിലാണ് പൈപ്പു തകർച്ചയും ശുദ്ധജലം പാഴാവുന്നതും വെല്ലുവിളി നേരിടുന്നത്. പരീക്ഷാക്കാലത്ത് വിദ്യാർഥികളും രക്ഷിതാക്കളുമടക്കം ജീവിതാവശ്യത്തിനുള്ള വെള്ളലഭ്യത ഉറപ്പാക്കാൻ പ്രയാസപ്പെടുന്ന സ്ഥിതിയാണ് നഗരത്തിലേത്. കാലഹരണപ്പെട്ട ജലവിതരണ പദ്ധതിയാണ് മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും നിലവിലുള്ളത്. കാലപ്പഴക്കത്താൽ ജലവിതരണത്തിന്റെ മർദ്ദം താങ്ങാനാവാതെയാണ് പൈപ്പു ലൈനുകൾ തകരുന്നത്. എല്ലാ വേനലിലും ഈ പ്രശ്നം അതിരൂക്ഷമാണ്. നഗര കുടിവെളഅള പദ്ധതി കാലോചിതമായി പരിഷ്കരിക്കുകയാണ് ഇതിനു ശാശ്വത പരിഹാരമെന്നും അതിനുള്ള പദ്ധതി സർക്കാറിനു സമർപ്പിച്ചിട്ടുണ്ടെന്നും ജലവിഭവ വകുപ്പധികൃതർ വ്യക്തമാക്കുന്നുണ്ട്. എന്നാൽ അനിവാര്യമായ ഇടപെടൽ സർക്കാറിൽ നിന്നും വൈകുകയാണ്.